സി.സി.സോമൻ
കോട്ടയം: ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിലായപ്പോൾ കോഴി വില കൂടിയത് സംബന്ധിച്ച കോലാഹലങ്ങൾക്കിടെ കേരളം പടി കടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പുകവലിക്ക് വില കുറയുമെന്നാണ് പുറത്തു വരുന്ന പുതിയ വിവരം. സിഗരറ്റിന് രണ്ടു മുതൽ 11 രൂപ വരെ കുറയുമെന്നാണ് വ്യാപാരികൾ നല്കുന്ന സൂചന. അരിക്കും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും ജിഎസ്ടി നികുതി വർധിപ്പിച്ച് ജനങ്ങളെ വലയ്ക്കുന്ന സർക്കാർ സിഗരറ്റിന് നികുതി കുറച്ചുവെന്ന സൂചനയാണ് ഇതോടെ വെളിപ്പെടുന്നത്.
സിഗരറ്റിന് ഏർപ്പെടുത്തിയ പുതിയ നികുതി എത്രയെന്ന് വ്യക്തമായിട്ടില്ലെങ്കിലും വില കുറയുമെന്ന വിവരം സിഗരറ്റ് വ്യാപാരികൾക്ക് ലഭിച്ചിട്ടുണ്ട്. അതിനാൽ ഇപ്പോൾ സ്റ്റോക്കുള്ള സിഗരറ്റ് വിറ്റു തീർക്കൽ നടക്കുകയാണ്. പുതിയ സ്റ്റോക്ക് രണ്ടാഴ്ചക്കുള്ളിൽ എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്.
58 രൂപ വിലയുളള ഒരു പായ്ക്കറ്റ് സിസേഴ്സിന് 56 രൂപയായി കുറയും. വിൽസിന് 90 രൂപയിൽ നിന്ന് 79 രൂപയായി കുറയുമെന്നും വ്യാപാരികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഗോൾഡ് ഫ്ളേക്കിനും 10 രൂപയുടെ കുറവുണ്ടാകുമെന്നാണ് സൂചന. മറ്റു സിഗരറ്റുകൾക്കും ആനുപാതികമായ വിലക്കുറവുണ്ടാകും. സാധാ രണ ബജറ്റ് പ്രഖ്യാപിക്കുന്പോൾ പുകയില ഉത്പന്നങ്ങ ൾക്ക് നികുതി വർധിപ്പിച്ച് വില കൂട്ടുകയാണ് പതിവ്.
ജിഎസ്ടി വന്നതോടെ പുകയില ഉത്പന്നങ്ങൾക്ക് വില കുറഞ്ഞത് എങ്ങ നെയെന്നത് ജനങ്ങളെ അദ്ഭുതപ്പെടുത്തുന്നു. അരി, ആട്ട, മുളകുപൊടി , ഇറച്ചി മസാല തുടങ്ങിയ ഇനങ്ങൾക്ക് വില കുറയുമെന്ന പ്രഖ്യാപനം നടപ്പായില്ല. സിവിൽ സപ്ലൈസ് കോർപറേഷനിൽ ബ്രാൻഡഡ് അരിക്ക് വില കൂടി. കോഴി വില കുറയുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും വൻ തോതിൽ വർധിക്കുകയാണുണ്ടായത്.