തുറവൂർ: പ്രേമാഭ്യർത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടിൽ കയറി അക്രമണം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത യുവാവ് പിടിയിൽ. പള്ളിത്തോട് സ്വദേശി പൊള്ളയിൽ വീട്ടിൽ സെബി (പൊടിയൻ) ആണ് പിടിയിലായത്. പള്ളിത്തോട് സ്വദേശിയായ പെണ്‍കുട്ടിയെ കഴിഞ്ഞ കുറച്ചു നാളുകളായി ഇയാൾ പിന്നാലെ നടന്ന് ശല്യം ചെയ്തു വരുകയായിരുന്നു.
കഴിഞ്ഞയിടെ ഇത്തരത്തിൽ പെണ്‍കുട്ടിയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ഇയാളെ പോലീസ് താക്കീത് ചെയ്ത് വിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസവും ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിൽ കയറി അസഭ്യം പറയുകയും അക്രമം നടത്തുകയും പെണ്‍കുട്ടിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു . ഇതേ തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കുത്തിയതോട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.