കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇന്നലെ അറസ്റ്റ് ചെയ്തപ്പോഴും ഇന്നു രാവിലെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാനെത്തിച്ചപ്പോഴും യാതൊരു ഭാവപകർച്ചയും ഇല്ലാതെയാണ് ദിലീപ് മാധ്യമങ്ങൾക്കും നാട്ടുകാർക്കും മുന്നിലെത്തിയത്. ആത്മ വിശ്വാസത്തോടെ മജിസ്ട്രേറ്റിനു മുന്നിലേക്കു പോയെങ്കിലും 14 ദിവസത്തെ റിമാൻഡിൽ ജയിലിലേക്ക് അയ്ക്കുകയാണെന്ന് അറിഞ്ഞതോടെ ദിലീപ് പൊട്ടിക്കരയുകയായിരുന്നു.
തന്നെ ജയിലിലേക്കു വിടരുതെന്നാണ് ദിലീപ് കരഞ്ഞുകൊണ്ടു മജിസ്ട്രേറ്റിനോടു പറഞ്ഞത്. തുടർന്നു സഹോദരൻ അനുപിനെയും കെട്ടിപ്പിടിച്ചു ദിലീപ് ഏറെ കരഞ്ഞു. എന്നാൽ, വീണ്ടും പുറത്തെത്തിയതോടെ വീണ്ടും ചുണ്ടിൽ ചെറിയ മന്ദഹാസവുമായി പോലീസ് വാഹനത്തിലേക്കു കയറി. ആലുവ സബ് ജയിലിൽ എത്തിച്ചപ്പോഴും ദിലീപ് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന തരത്തിലാണ് അകത്തേക്കു പോയത്.