കൊല്ലം: മുകേഷ് എംഎൽഎയോട് അടിയന്തരമായി കൊല്ലത്ത് എത്താൻ സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടതോടെയാണ് മുകേഷിനെ ജില്ലാ നേതൃത്വം വിളിച്ചുവരുത്തിയത്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ചതിന് മുകേഷിനെതിരേ രൂക്ഷ വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ദിലീപ് അറസ്റ്റിലായ സാഹചര്യത്തിൽ മുകേഷിന് പാർട്ടി നിർദ്ദേശമനുസരിച്ച് ദിലീപിനെ തള്ളിപ്പറയേണ്ടി വരും. കേസിൽ ഇനിയും ദിലീപിനെ പിന്തുണച്ച് നിന്നാൽ ജനവികാരം എതിരാകുമെന്ന മുന്നറിയിപ്പ് സിപിഎം ജില്ലാ നേതൃത്വം മുകേഷിന് നൽകിയിട്ടുണ്ട്.
സിപിഎം കൊല്ലം നേതാക്കളെ കണ്ട ശേഷം മുകേഷ് തന്‍റെ നിലപാട് തിരുത്തി രംഗത്തുവരുമെന്നാണ് സൂചന. ഉച്ചയ്ക്ക് 2.30ന് കൊല്ലത്ത് എത്താമെന്നാണ് മുകേഷ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷം മുകേഷ് ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകും. സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടിരിക്കുന്നതിനാൽ മുകേഷിനെ ഇരയ്ക്കൊപ്പം നിൽക്കുന്ന നിലപാട് പരസ്യപ്പെടുത്തേണ്ടി വരും.