സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അങ്കമാലി ഡയറീസ് ഫെയിം രേഷ്മ രാജനും സീരിയൽ-സിനിമാ നടി സ്നേഹയും സമരപ്പന്തലിലെത്തി. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ ലിച്ചി സിനിമയിലെത്തുന്നതിന് മുന്പു നഴ്സായിരുന്നു. മഴവിൽ മനോരമയിലെ മിന്നും താരങ്ങളിലൊരാളായ മണ്ഡോദരിയോടൊപ്പമാണ് ലിച്ചി സമരപ്പന്തലിലെത്തിയത്.
സമരപ്പന്തലിൽ ഇരിക്കുന്ന ചിത്രം താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറക്കരുതെന്ന് പറഞ്ഞു നിരവധി പേർ ലിച്ചിയുടെ പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.
ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ താരത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തുടക്കക്കാരിയെന്ന നിലയിൽ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. രണ്ടാമത്തെ ചിത്രത്തിൽ തന്നെ മോഹൻലാലിന്റെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യമാണ് താരത്തെ തേടിയെത്തിയത്. മോഹൻലാലും ലാൽജോസും ആദ്യമായി ഒരുമിക്കുന്ന വെളിപാടിന്റെ പുസ്തകത്തിൽ നായികയായെത്തുന്നത് ലിച്ചിയാണ്. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ്ങാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.