തിരുവനന്തപുരം: പേരൂർക്കടയിൽ ദന്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണന്തല കെകെ നഗർ കണിയാംകോണത്തു വീട്ടിൽ തുളസിയുടെ മകൻ വിനീഷ് (31), സുദേവൻ-ലേഖ ദന്പതികളുടെ മകൾ സുചിത്ര (28) എന്നിവരാണ് മരിച്ചത്.
ഇന്നു പുലർച്ചെ നാലിനാണ് സംഭവം. കുടുംബകലഹമാണ് ആത്മഹത്യക്കു പിന്നിലെന്നു പോലീസ് പറയുന്നു. ഇന്നു പുലർച്ചെ സുചിത്ര തൂങ്ങിമരിച്ചതിനു പിന്നാലെ വിനീഷും ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവർക്കു രണ്ടരവയസുള്ള ഒരു മകനുണ്ട്.
അലൂമിനിയം ഫാബ്രിക്കേഷൻ ജോലിയായിരുന്നു വിനീഷിന്. സുമേഷാണ് സുചിത്രയുടെ സഹോദരൻ. പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി ബന്ധുക്കൾക്ക് കൈമാറി. അസ്വാഭാവിക മരണത്തിന് മണ്ണന്തല പോലീസ് കേസെടുത്തു.