ചെന്നൈ: നടൻ കമൽഹാസനെതിരെ എതിർപ്പുമായി തീവ്രഹിന്ദുസംഘടന ഹിന്ദു മക്കൾ കഴ്ച്ചി രംഗത്ത്. ബിഗ് ബോസ് തമിഴ് പതിപ്പ് അവതരണത്തിന് കമലിനെതിരെ ഹിന്ദു മക്കൾ കഴ്ച്ചി പോലീസിൽ പരാതി നൽകി. റിയാലിറ്റി ഷോയായ ബിഗ് ബോസ് ഭാരത സംസ്കാരത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്കു പരാതി നൽകിയിരിക്കുന്നത്.
ബിഗ് ബോസിന്റെ തമിഴ് പതിപ്പ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നത് റദ്ദാക്കണമെന്നും അവതാരകനായ കമൽഹാസനേയും മറ്റു മത്സരാർഥികളേയും അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. റിയാലിറ്റി ഷോ അശ്ലീലമാണ് പ്രചരിപ്പിക്കുന്നതെന്നുകാട്ടി ഹിന്ദു മക്കൾ കഴ്ച്ചി നേരത്തേയും കമൽഹാസനെതിരെ രംഗത്തുവന്നിരുന്നു.
ജൂണ്‍ 25ന് വിജയ് ടിവിയിൽ ആരംഭിച്ച ബിഗ് ബോസിന്റെ തമിഴ് പതിപ്പ് കമൽഹാസന്റെ ടിവി അരങ്ങേറ്റമായിരുന്നു. സൽമാൻ ഖാനായിരുന്നു ഹിന്ദിയിലെ ബിഗ് ബോസിന്റെ അവതാരകൻ.