കൊച്ചി: നടി ആക്രമിക്കപ്പട്ടെ സംഭവത്തിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നാളെ ചേരും. സംഘടനയുടെ ട്രഷററായ ദിലീപിനെ കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗം പുറത്താക്കിയിരുന്നു. അതിനു ശേഷമുള്ള വിശദവും നിർണായകവുമായ യോഗമാണ് നാളെ ചേരുന്നത്.
അമ്മയുടെ 2015 മുതൽ 2018 വരെ പ്രവർത്തിക്കേണ്ട കമ്മിറ്റി അംഗങ്ങളാണ് പ്രസിഡന്റ് ഇന്നസെന്റിന്റെ നേതൃത്വത്തിൽ ഉള്ളത്. എന്നാൽ, അമ്മയെപ്പറ്റിയുണ്ടായ ആരോപണങ്ങളെത്തുടർന്നു പല പ്രമുഖരും രാജിവെയ്ക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. അതിൽ ഏറ്റവുമധികം ഉയർന്നു കേൾക്കുന്ന പേര് ജനറൽ സെക്രട്ടറിയായ മമ്മൂട്ടിയുടേതാണ്.
നടൻ മോഹൻലാൽ കഴിഞ്ഞ ദിവസംത്തന്നെ അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നുവെങ്കിലും ദിലീപിനെ പുറത്താക്കിയതായി അറിയിക്കാൻ മാധ്യമങ്ങളെ കണ്ടപ്പോൾ അദ്ദേഹം അത് നിഷേധിച്ചിരുന്നു. ദിലീപിനെ അന്ധമായി വിശ്വസിച്ചവർക്കെല്ലാം തിരിച്ചടികൾ കിട്ടിയപ്പോൾ ഇനി താരസംഘടനയുടെ നേതൃസ്ഥാനത്തിരിക്കാൻ ഇവർക്കാർക്കും താത്പര്യമില്ലെന്നാണ് അറിയുന്നത്.
പ്രസിഡന്റായ ഇന്നസെന്റും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ മുകേഷും സിപിഎം ജനപ്രതിനിധികളായതിനാൽ പാർട്ടിയിൽനിന്ന് ഇരുവർക്കും സമ്മർദമേറിയിട്ടുണ്ട്. അമ്മയുടെ ജനറൽ ബോഡി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മുകേഷ് നടത്തിയ പരാമർശങ്ങൾ പാർട്ടിക്കുള്ളിൽ വലിയ വിമർശമങ്ങളാണു വിളിച്ചു വരുത്തിയത്.
എക്സിക്യൂട്ടീവ് കമ്മറ്റിയിൽനിന്ന് ഒഴിഞ്ഞു തൽകാലം തലയൂരാൻ മുകേഷിനും ഉദ്ദേശ്യമുണ്ട്. ഇതേ പ്രശ്നത്തിൽ അകപ്പെട്ടിരിക്കുന്ന വൈസ് പ്രസിഡന്റ് ഗണേഷ്കുമാർ എംഎൽഎയും എങ്ങനെയെങ്കിലും തടി രക്ഷിക്കാനുള്ള ശ്രമത്തിലാണ്.