തൃശൂർ: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പിനായി നടൻ ദിലീപിനെ തൃശൂരിലെത്തിച്ചു. കനത്ത പോലീസ് സുരക്ഷയിലാണ് ഇന്ന് രാവിലെ ദിലീപിനെ ആലുവയിൽ നിന്ന് തൃശൂരിലെത്തിച്ചത്.
പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ ദിലീപിനെ ഇന്നലെ ആദ്യം തൃശൂരിലേക്കാണ് തെളിവെടുപ്പിന് കൊണ്ടുവരികയെന്ന് പറഞ്ഞുകേട്ടിരുന്നുവെങ്കിലും ഉണ്ടായില്ല. തൊടുപുഴ, കൊച്ചിയിലെ ഹോട്ടൽ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ തെളിവെടുപ്പ്. ഇന്ന് ദിലീപിനെ ആലുവയിൽ നിന്ന് തൃശൂരിലെത്തിച്ച് ആദ്യം ശക്തൻ നഗറിലുള്ള ഹോട്ടൽ ജോയ്സ് പാലസിലേക്കാണ് കൊണ്ടുവന്നത്. എന്നാൽ ദിലീപിനെ ഇവിടെ പുറത്തിറക്കിയില്ല. ദിലീപും സുനിയും ബി.എം.ഡബ്ല്യു കാറിലിരുന്ന് സംസാരിച്ചെന്ന് പറയുന്ന ഹോട്ടൽ ജോയ്സ് പാലസിലെ പോർച്ചിൽ പോലീസ് ദിലീപിനേയും കൊണ്ടുവന്നത്. ഹോട്ടലിലെ സന്ദർശക രജിസ്റ്ററിൽ സുനിയുടെ പേരുണ്ടായിരുന്നു.
പ്രതിഷേധക്കാർ ജോയ്സ് പാലസിൽ കുറവായിരുന്നു. ടെന്നീസ് ക്ലബിലേക്കാണ് ആദ്യമെത്തിക്കുകയെന്ന സൂചനയുള്ളതിനാൽ എഐവൈഎഫ് അടക്കമുള്ള പ്രതിഷേധക്കാർ അവിടെയായിരുന്നു. ദിലീപിനെ കാണാനും തെളിവെടുപ്പ് വീക്ഷിക്കാനുമായി ആളുകൾ തടിച്ചുകൂടിയിരുന്നുവെങ്കിലും കൊച്ചിയിലേയും ആലുവയിലെയും തൊടുപുഴയിലേയും പോലെ കൂക്കിവിളികളോ ബഹളമോ ആദ്യം ഉണ്ടായില്ല. എന്നാൽ പിന്നീട് ജനം കൂക്കിവിളിക്കുകയും അസഭ്യവർഷം ചൊരിയുകയും ചെയ്തു. കനത്ത പോലീസ് വ്യൂഹം ഹോട്ടലിനു ചുറ്റുമുണ്ടായിരുന്നു.
ജോർജ്ജേട്ടൻസ് പൂരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്ന പുഴയ്ക്കൽ കിണറ്റിങ്കൽ ടെന്നീസ് ക്ലബിലും ദിലീപ് താമസിച്ച ഹോട്ടൽ ഗരുഡയിലും തെളിവെടുപ്പ് നടത്തി. കിണറ്റിങ്കൽ ടെന്നീസ് ക്ലബിൽ വെച്ച് ക്ലബിലെ ജീവനക്കാരെടുത്ത സെൽഫിയിൽ ദിലീപിന് പിന്നിൽ ദൂരെയായി നിൽക്കുന്ന പൾസർ സുനിയുടെ ചിത്രം പതിഞ്ഞത് പുറത്തുവന്നിരുന്നു. സുനിയെ അറിയില്ലെന്ന് പറഞ്ഞിരുന്ന ദിലീപിന് ശക്തമായ തിരിച്ചടിയായിരുന്നു ഈ ഫോട്ടോ. അതുകൊണ്ടുതന്നെ കിണറ്റിങ്കൽ ടെന്നീസ് അക്കാദമിയിലെ തെളിവെടുപ്പിന് പ്രാധാന്യമേറെയാണ്.
ദിലീപിനെ കൊണ്ടുവരുന്പോൾ പ്രതിഷേധമുണ്ടാകാൻ സാധ്യതകളുള്ളതിനാൽ കനത്തസുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാൻ തൃശൂരിലേക്ക് പോലീസിന് നിർദ്ദേശം നേരത്തെ നൽകിയിരുന്നു. ആക്രമണത്തിന് ഇരയായ നടിയുടെ നാടാണ് തൃശൂരെന്നതുകൊണ്ടുതന്നെ ദിലീപിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇന്നലെ തെളിവെടുപ്പുകൾക്ക് കൊണ്ടുപോയപ്പോൾ പലയിടത്തും കരിങ്കൊടി കാണിക്കലടക്കമുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നത് കണക്കിലെടുത്ത് തൃശൂരിൽ സുരക്ഷ ശക്തമാക്കിയിരുന്നു.