മുക്കം: ബി.പി.മൊയ്തീൻ സ്മാരക ട്രസ്റ്റിന് നടൻ ദിലീപുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. സേവാമന്ദിർ കെട്ടിട നിർമാണത്തിന് ദിലീപ് നൽകിയ തുക തിരിച്ചുനൽകണമെന്ന സംവിധായകൻ ആർ.എസ് വിമലിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ട്രസ്റ്റ് ഭാരവാഹികൾ.
സേവാ മന്ദിർ കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ട് ഒരിക്കലും ദിലീപിനെ സമീപിച്ചിട്ടില്ല. മന്ദിറിന്റെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ ദിലീപ് തന്റെ പിതാവിന്റെ സ്മരണാർത്ഥം ഒന്നാം നില നിർമിച്ചുനൽകാൻ മുന്നോട്ടുവരികയായിരുന്നു.അതും ദിലീപുമായി അടുപ്പമുള്ള ചില വ്യക്തികൾ മുഖേനയാണ് ചെയ്തത്.
കരാറുകാർ മുഖേനയാണ് സാന്പത്തിക ഇടപാടുകൾ നടത്തിയത്. ട്രസ്റ്റുമായി ഒരു സാന്പത്തിക ഇടപാടും നടത്തിയിട്ടില്ലെ്ലന്ന് അക്കാണ്ട് പരിശോധിച്ചാൽ മനസിലാകുമെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. സേവാ മന്ദിറിനെ പല നിലയ്ക്കും പലരും സഹായിച്ചിട്ടുണ്ടന്നും ഭാരവാഹികൾ പറഞ്ഞു.
ബി.പി.മൊയ്തീൻ കാഞ്ചന മാല പ്രണയം ആസ്പദമാക്കി ആർ.എസ്.വിമൽ സംവിധാനം ചെയ്ത “”എന്ന് നിന്റെ മൊയ്തീൻ” സിനിമയിലൂടെയാണ് അനശ്വരപ്രണയം ലോകം അറിഞ്ഞത്. സിനിമാ ചിത്രീകരണ വേളയിലും റിലീസ് സമയങ്ങളിലുമെല്ലാം ഇതു സംബന്ധിച്ച് നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ വിമലിന്റെ പരാമർശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ വിമൽ ദിലീപിനെതിരെ പ്രതികരിച്ചത്.