അധികാരം കിട്ടിയാല്‍ പിന്നെ രാജാവിന്റെ പദവി ലഭിച്ച ഭാവമാണ് ചിലയാളുകള്‍ക്ക്. ഇതിന് തെളിവാകുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചെളിയില്‍ ചവിട്ടാന്‍ കഴിയാതെ അനുയായികളുടെ തോളിലേറി യാത്ര ചെയ്ത ഒഡീഷ എം.എല്‍.എ യാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഭരണകക്ഷി അംഗവും മാല്കങ്കിരിയില് നിന്നുള്ള ബി.ജെ.ഡി എം.എല്‍.എയുമായ മനാസ് മഡ്കനിയാണ് ജനാധിപത്യത്തിന്റെ തേരിലേറി പുതിയ യാത്ര നടത്തിയത്. സംഭവം സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ചിത്രീകരിച്ച് പുറത്തുവിടുകയായിരുന്നു. എന്നാല്‍ ഇത് വിവാദമാക്കേണ്ടെന്നും തന്റെ അനുയായികളുടെ സ്നേഹവും കരുതലുമാണ് നിങ്ങള്‍ക്ക് വീഡിയോയിലൂടെ കാണാന്‍ കഴിയുന്നതെന്നുമാണ് മനാസിന്റെ പ്രതികരണം.
ജില്ലയിലെ ക്ഷേമപദ്ധതിയില്‍ വിലയിരുത്തുന്നതിനാണ് മനാസും നബരംഗ്പുര്‍ എം.പി ബാലഭദ്ര മാഞ്ചിയും ചില പഞ്ചായത്തുകളില്‍ സന്ദര്‍ശനത്തിന് എത്തിയത്. അതേസമയം നബരംഗ്പൂര്‍ എംപി ചെളിവെള്ളത്തില്‍ ചവിട്ടിത്തന്നെയാണ് അക്കരെയെത്തിയത്. തൂവെള്ള വസ്ത്രവും ഷൂവും ധരിച്ചെത്തിയ എം.എല്‍.എ ചെളിയില്‍ ഇറങ്ങാന്‍ മടിച്ചതോടെ മല്ലന്മാരെന്നു തോന്നിക്കുന്ന രണ്ട് അനുയായികള്‍ എം.എല്‍.എയെ പൊക്കിയെടുത്ത് മറുകരയില്‍ എത്തിക്കുകയായിരുന്നു. തന്നെ തോളില്‍ വഹിക്കാന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല. അവര്‍ സ്നേഹക്കൂടുതല് കൊണ്ട് തന്നെ എടുക്കുകയായിരുന്നുവെന്നും മനാസ് പറയുന്നു. കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്ക ബാധിത മേഖലയില്‍ എത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ സുരക്ഷാ സേന എടുത്തുകൊണ്ടുപോയതും വിവാദമായിരുന്നു. വിവാദങ്ങളില്‍പ്പെടാന്‍ നേതാക്കന്മാരുടെ ജീവിതം ഇനിയും ബാക്കി.