ന്യൂഡൽഹി: പഴയസ്വർണം കടയിലേക്കു വിൽക്കുന്പോൾ മൂന്നു ശതമാനം ചരക്കുസേവന നികുതി (ജിഎസ്ടി) നൽകണം. പുതിയ സ്വർണം വാങ്ങുന്നതിനും മൂന്നു ശതമാനം ജിഎസ്ടി നൽകണം. നികുതി വ്യവസ്ഥ ഇതാണെന്നു കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് അധ്യ പറഞ്ഞു.
പഴയതു വിൽക്കുന്പോൾ കടക്കാരൻ മൂന്നു ശതമാനം കുറച്ചുള്ള തുകയേ തരൂ. മൂന്നു ശതമാനം വിൽക്കുന്നയാളിൽനിന്നു പിരിച്ചു കടക്കാരൻ സർക്കാരിൽ അടയ്ക്കുന്നു. കിട്ടിയ തുക കൊണ്ടു പുതിയ സ്വർണം വാങ്ങുന്പോൾ അതിനു മൂന്നു ശതമാനം ജിഎസ്ടി കടക്കാരൻ വാങ്ങും; ആ തുകയും സർക്കാരിൽ അടയ്ക്കും.
വിൽക്കുകയും വാങ്ങുകയും ചെയ്തയാൾ രണ്ടു തവണയും നികുതി നൽകണം. കടക്കാരനു പുതിയ സ്വർണത്തിന്റെ നികുതിയിൽനിന്നു പഴയസ്വർണത്തിന്റെ നികുതി തട്ടിക്കിഴിക്കാം: റവന്യു സെക്രട്ടറി വ്യക്തമാക്കി.
എന്നാൽ, ആഭരണത്തിൽ പരിഷ്കാരമോ മറ്റോ വരുത്താൻ ഏല്പിച്ചാൽ അതിന് ഈടാക്കുന്ന തുക പണിക്കൂലിയായി കണക്കാക്കും. അതിന് അഞ്ചു ശതമാനമാണു ജിഎസ്ടി: അധ്യ പറഞ്ഞു.