ആറ്റിങ്ങല്‍: യുവമോര്‍ച്ച നേതാവ് സജിന്‍ രാജിന്റെ മരണം ആത്മഹത്യതന്നെയെന്ന് ആറ്റിങ്ങല്‍ പോലീസിന്റെ സ്ഥിരീകരണം. ഇതുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ എസ്ഐ തന്‍സീമും സംഘവും പാലക്കാട്, തൃശൂര്എന്നിവിടങ്ങളില് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് മരണത്തിലേയ്ക്ക് നയിച്ചതിന്റെ കാരണം കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസിപ്പോള്‍.
പാലക്കാട് ഒറ്റപ്പാലം കണ്ണിയാംപുറം വാഴപ്പിള്ളിവീട്ടില്‍ രാജന്റെ മകന് ലാലു എന്നു വിളിക്കുന്ന സജിന്‍ രാജ് (34) ജൂലൈ ആറിന് രാവിലെയാണ് മരണമടഞ്ഞത്. യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമം പാലത്തിന് സമീപം പാലമൂട്ടില്‍ കടത്തിണ്ണയില്‍ ദുരൂഹ സാഹചര്യത്തില്‍ ഗുരുതരമായി പെള്ളലേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് കണ്ടെത്തിയെങ്കിലും ഇയാളുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയമായി വിശകലനം ചെയ്ത ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു മാത്രമേ കുറ്റപത്രം നല്‍കാനാവൂ എന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളാണ് യുവാവിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഇതില്‍ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ അഞ്ചിനാണ് സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് വീട്ടില്‍ അറിയുന്നത്.
നാട്ടിലും വീട്ടിലും എറെ സമ്മതനായിരുന്ന ഇയാള്‍ക്ക് ഇത് താങ്ങാനായില്ല. പണം കടംവാങ്ങിയാണ് ഒരു സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയിരുന്നത്. മൂന്നര ലക്ഷം രൂപയുടെ കടമാണ് ഉണ്ടായിരുന്നത്. ഇത് സമയത്ത് തിരിച്ചു കൊടുക്കാനായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പ്രതിചേര്‍ക്കാന്‍ ഉതകുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവം നടന്നതിന്റെ പിറ്റേന്ന് ഒരാള്‍ സജിന്‍ രാജിന്റെ ഫോണിലേയ്ക്കു വിളിച്ചത് ദുരൂഹതകള്‍ക്കിടയാക്കിയിരുന്നു. സിഐയാണ് ഫോണ്‍ അറ്റൻഡ് ചെയ്തത്.
ഈ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയും അന്വേഷണം നടത്തി. എന്നാല്‍ അയാള്‍ നിരപരാധിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം രാത്രി പാലക്കാടുനിന്നും തിരുവനന്തപുരത്തേക്ക് ഒറ്റയ്ക്കാണ് വാടക കാറില്‍ യുവാവ് പുറപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിവു നല്കുന്നു. കാര്‍ തൃശൂര്‍ എത്തിയപ്പോള്‍ ഒരാള്‍ ലിഫ്റ്റ് ചോദിച്ച് കയറി. ആലുവ വരെ ഇയാള്‍ കൂടെയുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ആത്മഹത്യ നിശ്ചയിച്ചാണ് യുവാവ് പുറപ്പെട്ടതെന്നതിന് തെളിവുകള്‍ ലഭിച്ചു. കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ ആള് കൂടെയുള്ളപ്പോഴാണ് യുവാവ് കൊരട്ടിയിലെ പമ്പില്‍ നിന്നും കുപ്പിയില്‍ പെട്രോള്‍ വാങ്ങിയത്. തന്റെ ബൈക്ക് എറണാകുളത്ത് എണ്ണയില്ലാതെ ഇരിക്കുകയാണെന്നും അത് എടുക്കാനാണ് പെട്രോള്‍ വാങ്ങുന്നതെന്നുമായിരുന്നു യുവാവ് ഇയാളോട് പറഞ്ഞത്.
താന്‍ സിനിമ ഫീല്‍ഡില്‍ ഡ്രൈവറാണെന്നും പാലക്കാട് ഷൂട്ടിംഗ് കഴിഞ്ഞ് അടുത്ത ഷെഡ്യൂള്‍ തിരുവനന്തപുരത്താണെന്നും പറഞ്ഞിരുന്നു. സിനിമാ മോഹമുള്ളതിനാല്‍ യുവാവില്‍ നിന്ന് ഇയാള്‍ ഫോണ്‍ നമ്പര്‍ വാങ്ങി ഫീഡ് ചെയ്തിരുന്നു. അതുപ്രകാരമാണ് സംഭവം നടന്നതിന്റെ പിറ്റേന്ന് യുവാവിന്റെ ഫോണില്‍ വിളിച്ചത്. ഇയാളെ കണ്ടെത്തിയത് സംഭവത്തിലെ ദുരൂഹത നീക്കാന്‍ സഹായിച്ചതായി പോലീസ് പറഞ്ഞു.