പയ്യന്നൂർ: കക്കമ്പാറയിലെ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരേയുണ്ടായ ബോംബേറിനെ തുടർന്ന് അക്രമ സംഭവങ്ങൾ അരങ്ങേറിയ പയ്യന്നൂരും പരിസരങ്ങളും ശാന്തതയിലേക്ക് തിരിച്ചു വരുന്നു. ഇന്നലെ ഈ പ്രദേശങ്ങളിൽ നിന്ന് ഒരക്രമ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രണ്ട് പാർട്ടി ഓഫീസുകളും ഒരു പീടികയും ഇരുപതോളം വീടുകളും ഒമ്പതോളം വാഹനങ്ങളും ബോംബെറിഞ്ഞും അഗ്നിക്കിരയാക്കിയും അടിച്ചും തകർക്കപ്പെട്ട സംഭവങ്ങളിൽ പയ്യന്നൂർ പോലീസ് ഇന്നു രാവിലെ വരെ 20 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മറ്റു അക്രമ സംഭവങ്ങളിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്ന് കേസെടുക്കും. എല്ലാ അക്രമ സംഭവങ്ങളുലുമായി ഇരുന്നുറോളം പ്രതികളുണ്ടാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ഇതിൽ ഒരേസംഘം തന്നെയാണ്പല അക്രമങ്ങളും നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിനാൽ കേസിൽ പ്രതികളാകുന്ന വ്യക്തികളുടെ എണ്ണം നൂറോളം വരുമെന്നും പയ്യന്നൂർ എസ് ഐ കെ.പി.ഷൈൻ പറഞ്ഞു. ഇന്നലെ രാത്രിയിലും പ്രതികൾക്കായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടില്ല. ഇതു വരെ എട്ട് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.പ്രതികളിൽ കൂടുതൽ പേരും ഒളിവിലാണ് എന്നും പോലീസ് പറയുന്നു.