1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്‍റെ 38ാം വകുപ്പിലെ ഒന്നും രണ്ടും വകുപ്പുകൾ നൽകുന്ന അധികാരം ഉപയോഗിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റം മന്ത്രാലയം 2017 ജനുവരി 16 ന് പുതിയ ചട്ടങ്ങളുടെ കരടു രൂപത്തിലുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. കരടു രൂപത്തിന്‍റെ മേലുള്ള പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കാൻ 30 ദിവസം സമയവും നൽകി. പിന്നീട് 2017 മേയ് 23 ന് പ്രസിദ്ധീകരിച്ച അസാധാരണ ഗസറ്റിൽ മൃഗങ്ങളോടുള്ള ക്രൂരത തടയൻ (കന്നുകാലി ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങൾ 2016 അന്തിമമായി വിജ്ഞാപനം ചെയ്തു. പ്രധാനമായും കന്നുകാലി ചന്തകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ ഉദ്ദേശിച്ചുള്ള ചട്ടങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. ജില്ലാതലത്തിലും പ്രാദേശിക തലത്തിലും കന്നുകാലി ചന്തകൾ നടത്താനും നിയന്ത്രിക്കാനുമായി കമ്മിറ്റികളുടെ രൂപീകരണം, ഘടന, കന്നുകാലി ചന്തകളുടെ രജിസ്ട്രേഷൻ, ചന്തകളിൽ മൃഗങ്ങൾക്ക് നൽകേണ്ട പരിചരണവും സൗകര്യങ്ങളും തുടങ്ങിയ പുതിയ നിർദേശങ്ങൾ ഈ ചട്ടങ്ങൾ മുന്പോട്ടു വയ്ക്കുന്നു. എന്നാൽ ഇത്തരം ചട്ടങ്ങൾക്കൊപ്പം വിജ്ഞാപനത്തിന്‍റെ തലക്കെട്ടിന്‍റെ ഉദ്ദേശങ്ങൾക്ക് വിരുദ്ധമായ തരത്തിൽ പ്രത്യക്ഷപ്പെട്ട ചില ചട്ടങ്ങളാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. കശാപ്പിനായി കന്നുകാലിച്ചന്തകളിൽ നിന്ന് മാടുകളെ വാങ്ങാനോ വിൽക്കാനോ പാടില്ലെന്നും വാങ്ങിയതിനുശേഷം ആറു മാസത്തിനുള്ളിൽ വിൽ ക്കാൻ പാടില്ലെന്നും നിർദേശിക്കുന്നു. ചന്തയിൽ നിന്നും വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവ നിർബന്ധമായും പാലുത്പാദനത്തിനോ, കാർഷികാവശ്യങ്ങൾ ക്കോ ആയിരിക്കണമെന്നും പുതിയ ചട്ടങ്ങൾ നിർദ്ദേശിക്കുന്നു. ഒപ്പം വാങ്ങുന്നതിനും വിൽക്കുന്നതിനും കാലിച്ചന്തകളിൽ എത്തുന്ന കർഷകർ വലിയ രീതിയിലുള്ള പേപ്പർ ജോലികൾ പൂർത്തിയാക്കേണ്ടിയിരിക്കുന്നു. ഒപ്പം മാടുകൾ എന്ന നിൽവചനത്തിൽ പശു മാത്രമല്ല കാളകൾ, മൂരികൾ, എരുമകൾ മുതൽ ഒട്ടകം വരെ ഉൾപ്പെട്ടു.
ചട്ടങ്ങളുടെ അനന്തരഫലങ്ങൾ
ബഹുമുഖമായ അനന്തര, പാർശ്വ ഫലങ്ങളാണ് ഈ ചട്ടങ്ങൾ വഴി രാജ്യത്തിന്‍റെ സാമൂഹ്യ, സാന്പത്തിക, നിയമ മേഖലകളിൽ ഉണ്ടാകാൻ സാധ്യതയുള്ളത്. നേരിട്ടല്ലെങ്കിലും വളഞ്ഞ വഴിയിലൂടെയുള്ള ഗോവധ നിരോധനമാണ് സംഭവിക്കുന്നത്. കറവപ്പശുക്കളുടെ മാത്രമല്ല എരുമകളുടെ കശാപ്പിൽ പോലും ഇത് ബുദ്ധിമുട്ടുണ്ടാക്കും. കശാപ്പു നിരോധനമോ, ബീഫ് നിരോധനമോ നേരിട്ടു പറയുന്നില്ലെങ്കിലും കശാപ്പിനായുള്ള മൃഗങ്ങളുടെ ലഭ്യത വൻതോതിൽ കുറയും. മാംസലഭ്യത കുറയുന്നതിനാൽ വില വർധിക്കും. കൃത്യമായ ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന പരിശോധനകൾ പശുസംരക്ഷണ പ്രവർത്തകരുടെ ഇടപെടലിന് കാരണമാകും. കർഷകർ നടത്തേണ്ടിവരുന്ന വിപുലമായ പേപ്പർ ജോലികൾ അവരെ ഇടപാടുകളിൽ നിന്നും പിന്തിരിപ്പിക്കും. പശുക്കളുടെ വിൽപനയും വാങ്ങലും തടസപ്പെടുന്നതോടെ പാലുത്പാദനവും, മാംസോത്പാദനവും പ്രതിസന്ധിയിലാകും. നിയമങ്ങൾ വരുന്നതോടെ കുറഞ്ഞ വിലയ്ക്ക് കന്നുകാലികളെ വിറ്റഴിക്കേണ്ട ഗതികേടിലാകും കർഷകർ. സംസ്ഥാന ഗവണ്‍ മെന്‍റിന്‍റെ പദ്ധതികളുടെ ഭാഗമായി വരുന്ന പശുക്കളുടെ ക്രയവിക്രയം പോലും മന്ദഗതിയിലാകും. 2.54 ലക്ഷം ടണ്‍ മാട്ടിറച്ചി വിൽക്കപ്പെടുന്ന 6552 കോടി വിലയുള്ള വ്യവസായ മേഖല, 95 ശതമാനം മാംസാഹാരികളുടെ ഭക്ഷണം, ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും പ്രോട്ടീൻ സ്രോതസ്, അഞ്ചു ലക്ഷത്തോളം പേർ പണിയെടുക്കുന്ന മാംസ വ്യവസായ മേഖല ഇവയൊക്കെ പ്രതിസന്ധിയിലാകും. ക്ഷീരകർഷകരായിരിക്കും അടിസ്ഥാനപരമായി ബുദ്ധിമുട്ടനുഭവിക്കുക. വിറ്റഴിക്കപ്പെടാത്ത പശുക്കൾക്ക് പുല്ലും വൈക്കോലും തീറ്റയും മേച്ചിൽ സ്ഥലങ്ങളും എങ്ങനെ കണ്ടെത്തും? ഇതിനുള്ള ചെലവ് ആരാണ് വഹിക്കുക. തീറ്റ കിട്ടാതെ സ്വയം ചാവുകയോ, തെരുവിലിറക്കപ്പെടുകയോ ചെയ്യുന്ന കന്നുകാലികളോടുള്ള ക്രൂരതയ്ക്ക് ആര് സമാധാനം പറയും? പരന്പരാഗതമായി ചെയ്തുവരുന്ന ജീവനോപാധി നഷ്ടപ്പെടുന്നവർ ഇനിയെന്തുചെയ്യും? ജാതി, മതങ്ങൾക്കതീതമായി കേരളീയർ ഇഷ്ടപ്പെടുന്ന മാംസഭക്ഷണത്തിന്‍റെ വിലയും ലഭ്യതയും എങ്ങനെയാകും? തുടങ്ങി നിരവധി ചോദ്യങ്ങളാണുയരുന്നത്. വലിയ രീതിയിൽ ഗോശാലകൾ, പശു ഹോസ്റ്റലുകൾ ഇവ നിർമിച്ച് കർഷകന്‍റെ ബാധ്യത ആര് ഒഴിവാക്കിത്തരുമെന്ന പ്രശ്നവുമുണ്ട്. നേപ്പാൾ, പശ്ചിമ ബംഗാൾ, ബിഹാർ അതിർത്തികളിൽ ബംഗ്ളാദേശിലേക്കും മറ്റും കാലികളെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോകുന്നതു തടയുന്നതിനു പകരം, പശു വിൽപന എല്ലാ സംസ്ഥാനങ്ങളിലും തടയപ്പെട്ടാൽ ക്ഷീരകർഷകന് അത് താങ്ങാനാവില്ല. ഉപയോഗമില്ലാത്തവയെ പരിചരിക്കുന്നതിന്‍റെ സാന്പത്തിക ബാധ്യത കൂടാതെ പുതിയ പശുക്കളെ വാങ്ങാനുള്ള മൂലധനവുമാണ് കർഷകന് നഷ്ടമാകുക. ക്ഷീര വ്യവസായത്തോടൊപ്പം രണ്ടായിരം കോടി മൂല്യമുള്ള എല്ലുപൊടി, ജെലാറ്റിൻ വ്യവസായം, തുകൽ, ചെരുപ്പ് വ്യവസായം, മരുന്നു നിർമാണ സംരംഭങ്ങൾ, ഗതാഗത മേഖല ഇവയൊക്കെ തകർച്ചയിലേക്ക് നീങ്ങും. പ്രതിവർഷം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 26,000 കോടി രൂപയുടെ എരുമ ഇറച്ചി (കാരാബീഫ്), 61 ബില്യണ്‍ ഡോളറിന്‍റെ തുകൽ കയറ്റുമതി എന്നിവയും തടസപ്പെടും. കാരണം ഇത്തരം വ്യവസായങ്ങളൊക്കെ മൃഗങ്ങൾക്കായി കാലിച്ചന്തകളെയാണ് ആശ്രയിക്കുക. കന്നുകാലികളെ നേരിട്ട് കർഷകരിൽ നിന്നും വാങ്ങേണ്ടി വരുന്ന പുതുവഴി ലാഭകരമാവില്ലെന്നാണ് വ്യവസായികൾ പറയുന്നത്.
പാൽത്തുള്ളികൾ കണ്ണീർക്കണങ്ങൾ
അതിജീവനത്തിനായി പശുക്കളെ വളർത്തി ജീവിക്കാൻ ശ്രമിക്കുന്ന ഒരു സാധാര മലയാളി ക്ഷീരകർഷകന്‍റെ ജീവിതത്തിൽ പുതിയ നിയന്ത്രണങ്ങൾ വരുത്തുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഉറപ്പായും പറയാൻ കഴിയും. ക്ഷീരോത്പാദനത്തിന്‍റെ സാന്പത്തിക ശാസ്ത്രം ശരിയായി മനസിലാക്കിയാൽ ഇത് എളുപ്പം പിടികിട്ടും. പുതിയ ചട്ടങ്ങൾ ക്ഷീരവികസന മേഖലയുടെ സാന്പത്തിക ഘടനയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാരിന്‍റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തന്നെ പറഞ്ഞു കഴിഞ്ഞു.
ഉത്പാദനക്ഷമത നഷ്ടമായവയെ പോറ്റാൻ ശ്രമിച്ചാൽ നഷ്ടം തന്നെ ഫലം. ഒന്നാമത് പശുക്കളുടെ വിൽപനയും വാങ്ങലും കന്നുകാലി വളർത്തലിലെ പ്രധാന പ്രക്രിയയാണ്. ഉത്പാദനക്കുറവ്, വന്ധ്യത, പ്രായാധിക്യം, തീറ്റസാമഗ്രികളുടെ കുറവ്, തൊഴിലാളികളുടെ കുറവ്, കൂലിവർധന, രോഗങ്ങൾ, വറ്റുകാലം, ലാഭക്കുറവ് പരിപാന പ്രശ്നങ്ങൾ തുടങ്ങി എണ്ണമറ്റസ്ഥിതിവിശേഷങ്ങളിൽ ഉള്ളവയെ തടസമില്ലാതെ ഏതു സമയത്തും വിൽക്കാനും പകരം പുതിയവയെ വാങ്ങാനും കഴിഞ്ഞില്ലെങ്കിൽ ഉത്പാദന പ്രക്രിയ സുഗമമാകില്ല. മാത്രമല്ല വിൽക്കാനുള്ളബുദ്ധിമുട്ട് വിൽപന വിലയെ ബാധിക്കും. കേരള സർക്കാരിന്‍റെ പദ്ധതികളുടെ ഭാഗമായി പന്ത്ര ണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് മാത്രം 28879 പശുക്കളെയും 8410 കിടാരികളെയും നമ്മുടെ കാലിസന്പത്തിൽ ചേർത്തു. ഇത് ഭൂരിഭാഗവും ഇതരസംസ്ഥാന ങ്ങളിൽ നിന്നുള്ളവയാണ്. നിലവിലുള്ള പശുക്കളുടെ എണ്ണം കൂട്ടുവാനോ പകരം വയ്ക്കാനോ പുതിയ ഫാം തുടങ്ങാനോ പശുവിനെ വാങ്ങേണ്ടിവരും. കിടാവുകളെ വളർത്തി വലുതാക്കി പശുക്കളാക്കുക പലപ്പോഴും വലിയ സാന്പത്തിക ബാധ്യതയായതിനാൽ ബഹുഭൂരിപക്ഷം കർഷകരും പുതിയ പശുക്കളെ വാങ്ങുകയാണ് പതിവ്. വെറ്ററിനറി സർവകലാശാല 201516 ൽ നടത്തിയ ഒരു പഠനമനുസരിച്ച് 68.3 ശതമാനം ആളുകളും പശുക്കളെ വാങ്ങുന്പോൾ ബാക്കിയുള്ളവർ കുട്ടികളെ വളർത്തി വലുതാക്കുന്നു. വലിയ ഫാമുകളിൽ, വാങ്ങിയ പശുക്കൾ 88 ശതമാനംവരെ വരുന്നു. ഇതിൽ തന്നെ പകുതിയോളം മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ്. കൂടാതെ 99.7 ശതമാനം മൂരിക്കിടാവുകളേയും അറുമാസം പ്രായത്തിനുള്ളിൽ വിറ്റ് ഒഴിവാക്കുകയാണ് പതിവ്. ക്ഷീരോത്പാദന സാന്പത്തിക ശാസ്ത്രത്തിന്‍റെ അടിസ്ഥാനം തന്നെ പരമാവധി പശുക്കളെ കറവയിൽ നിർത്തുന്നതും ബാക്കിയുള്ളവയെ ഒഴിവാക്കുകയോ, വിൽക്കുകയോ അല്ലെങ്കിൽ ഉടൻ കറവയിൽ എത്തിക്കാൻ ശ്രമിക്കുകയോ ആണ്. ഇതിനുള്ള ഏതു തടസവും നഷ്ടമുണ്ടാക്കും.
വെറ്ററിനറി സർവകലാശാല 201516 ൽ പാലുത്പാദനത്തിന്‍റെ സാന്പത്തിക ശാസ്ത്രത്തേക്കുറിച്ച് നടത്തിയ പഠനം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഒരു ലിറ്റർ പാലിന്‍റെ ഉത്പാദനച്ചെലവിനെ ബാധിക്കുന്ന ഘടകങ്ങൾ താഴെ പറയുന്നു. പശുവളർത്തലിന്‍റെ മൂലധന നിക്ഷേപമായ പശുക്കൾ, തൊഴുത്ത്, ഉപകരണങ്ങൾ എന്നിവയുടെ തേയ്മാനവും മൂലധനത്തിന്‍റെ പലിശയും പരുഷാഹാര, ഖരാഹാരച്ചെലവ്, പണിക്കൂലി, ചികിത്സാ ചെലവ്, ഇൻഷ്വറൻസ് ഇവയൊക്കെ ചെലവിൽപ്പെടുന്നവയാണ്. ഈ രീതിയിൽ കണക്കുകൂട്ടിയാൽ 201516 കാലത്തെ വിലയനുസരിച്ച് മാത്രം ഒരു ലിറ്റർ പാലിന്‍റെ ഉത്പാദനച്ചെലവ് രണ്ടുതരത്തിൽ വരുന്നു. ഒന്ന് കറവയുള്ള പശുക്കളുടെ മാത്രം ചെലവുകൾ കണക്കിലെടുത്താൽ 27. 69 രൂപയും തൊഴുത്തിൽ താത്കാലികമായെങ്കിലും കറവയില്ലാത്തവയുടെ ചെലവും കൂടി നോക്കിയാൽ 32.29 രൂപയും. ഈ അധികച്ചെലവ് കൂട്ടിയാൽ ഒരു ലിറ്ററിൽ ഒരു ലാഭവും കർഷകന് കിട്ടിയില്ലെന്നുറപ്പാണ്. അതുതന്നെയാണ് ഉത്പാദനമില്ലാത്ത ഏത് ഉരുവിനേയും പോറ്റേണ്ടി വരുന്ന കർഷകന് വരുന്ന അവസ്ഥ. അതുകൊണ്ടു തന്നെയാണ് പശു വിൽപന, വാങ്ങൽ എന്നിവയിൽ വരുന്ന ചെറിയ തടസങ്ങൾ പോലും ക്ഷീരോത്പാദനത്തിന്‍റെ നിലനിൽപിന്നെ ബാധിക്കുമെന്ന് പറയുന്നത്. അതിനാലാണ് ഉപയോഗം കഴിഞ്ഞ ഉരുക്കളുടെ വിൽപനയിലൂടെ കിട്ടുന്ന വരുമാനം ക്ഷീരകർഷകന് മൂലധനമാകുന്നത്. പുതിയ മൃഗങ്ങളെ വാങ്ങാൻ മറ്റൊരു മൂലധന നിക്ഷേപവും മാറ്റിവയ്ക്കാനുള്ളശേഷി അവന്‍റെ പാൽപ്പാത്രങ്ങൾക്കില്ല. കശാപ്പിനുണ്ടാകുന്ന ഏതു നിയന്ത്രണവും അടിസ്ഥാനപരമായി നടുവൊടിക്കുന്നത് ക്ഷീരകർഷകനെ തന്നെയാണ്.
ബാധിക്കുന്നത് എട്ടുലക്ഷം പേരെ
കാർഷിക കേരളത്തിന്‍റെ വളർച്ചയുടെ മുപ്പതു ശതമാനത്തോളം സംഭാവന കന്നുകാലി വളർത്തലിൽ നിന്നാണ്. സംസ്ഥാനത്ത് ഏകദേശം എട്ടു ലക്ഷത്തോളം പേർ പൂർണമായോ ഭാഗികമായോ ക്ഷീരവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നു. ഇതിൽ മൂന്നരലക്ഷത്തോളം പേർ ക്ഷീരസഹകരണ സംഘങ്ങളിൽ അംഗങ്ങളാണ്. കന്നുകാലി വളർത്തലിൽ വരുന്ന ഏത് അനാവശ്യ നിയന്ത്രണങ്ങളും ബാധിക്കുന്നത് ഇത്രയും ആളുകളുടെയും അവരുടെ കുടുംബങ്ങളുടെയും സാന്പത്തിക ഭദ്രതയെയാണ്.
95 ശതമാനം ആളുകൾ മാംസാഹാരികൾ
എല്ലാത്തരം കന്നുകാലികളെയും കശാപ്പു ചെയ്യാൻ അനുവാദമുള്ള സംസ്ഥാനമാണ് കേരളം. പൊതുജനാരോഗ്യം ശുചിത്വം എന്നിവയ്ക്ക് കോട്ടം വരാതെ, കശാപ്പുശാലകൾക്ക് പഞ്ചായത്തുകൾ ലൈസൻസ് നൽകുകയും പഞ്ചായത്തുകൾതന്നെ മാംസ വിൽപന കേന്ദ്രങ്ങൾ തുറന്നു നൽകുകയും ചെയ്യുന്നു. 80 ശതമാനം ആളുകൾ ബീഫ് കഴിക്കുന്ന 95 ശതമാനം ആളുകൾ മാംസാഹാരികളായ സംസ്ഥാനമാണ് കേരളം. ഇവിടെ വിൽക്കപ്പെടുന്ന മാംസത്തിന്‍റെ 40 ശതമാനവും മാട്ടിറച്ചിയാണ്. അതും മത,ജാതി വ്യത്യാസങ്ങളില്ലാതെ ഉപയോഗിക്കപ്പെടുന്നുമുണ്ട്. അതുകൊണ്ടുതന്നെ കശാപ്പുമായി ബന്ധപ്പെട്ട വിവാദ തീരുമാനത്തിനെതിരേ സംസ്ഥാന നിയമസഭയിൽ ആദ്യമായി പ്രമേയം പാസാക്കപ്പെട്ടത് കേരളത്തിലാണ്. തുടരും…
ഡോ. സാബിൻ ജോർജ്
അസിസ്റ്റന്‍റ് പ്രഫസർ
വെറ്ററിനറി കോളജ്, മണ്ണുത്തി