ബര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ടീമിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ ഇനി വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗൺ. കടുത്ത എതിരാളികളായ ബെന്‍സിനെ മറികടന്നാണ് ഫോക്സ്വാഗൺ ഈ അവകാശം നേടിയെടുത്തിരിക്കുന്നത്. 2019 മുതല്‍ 2024 വരെയാണ് പുതിയ കരാര്‍ കാലാവധി. 2019 വരെയാണ് ബെന്‍സിന്റെ കരാര്‍.
മലിനീകരണ തട്ടിപ്പ് വിവാദത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ഫോക്സ്വാഗൺ ഇപ്പോള്‍ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയിരിക്കുന്നത്. കരാര്‍ തുക വെളിപ്പെടുത്തിയിട്ടില്ല. ബെന്‍സ് നിര്‍മാതാക്കളായ ഡെയിംലര്‍ നല്കിയിരുന്നതിനെക്കാള് മൂന്നു കോടി യൂറോ അധികമാണ് കമ്പനി ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനു പ്രതിവര്‍ഷം നല്‍കുക എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
ചൈന അടക്കമുള്ള രാജ്യങ്ങളില്‍ ജര്‍മന്‍ ഫുട്ബോളിനു കൂടുതല്‍ പ്രചാരം നല്കാന് ആഗോള സാന്നിധ്യമുള്ള ഫോക്സ്വാഗണുമായുള്ള സഖ്യത്തിലൂടെ സാധിക്കുമെന്നാണ് ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന് (ഡിഎഫ്ബി) പ്രസിഡന്റ് റെയ്നാര്‍ഡ് ഗ്രിന്‍ഡല്‍ പറഞ്ഞത്. ഡിഎഫ്ബിക്ക് 25,000 ഫുട്ബോള്‍ ക്ലബ്ബുകളും 70 ലക്ഷം അംഗങ്ങളുമുണ്ട്.
നിലവിലെ ലോകചാമ്പ്യന്മാരും കോണ്‍ഫെഡറേഷന്‍സ് കപ്പ് ജേതാക്കളുമായ ജര്‍മനി റാങ്കിംഗില്‍ ഒന്നാമതാണ്.
ജോസ് കുമ്പിളുവേലില്‍