ജയിൽ നിയമം മറികടന്ന് ഞായറാഴ്ചയാണ് ഇയാൾ ജയിലിൽ സന്ദർശനത്തിനെത്തിയതെന്ന് ആരോപണം
ആലുവ: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായിരുന്നയാൾ എത്തിയതായി ആരോപണം. ജയിൽ നിയമം മറികടന്ന് സൂപ്രണ്ടിന്റെ ഒത്താശയോടെയാണ് ചിട്ടി നടത്തിപ്പുകാരനായ ഇയാൾ ദിലീപിനെ സന്ദർശിച്ചതെന്നാണ് വിവരം. സന്ദർശകർക്ക് അനുമതിയില്ലാത്ത ഞായറാഴ്ചയാണ് ഇയാൾ ജയിലിലെത്തിയത്.
ജയിലിൽ ദിലീപിനെ ബന്ധുക്കൾക്ക് മാത്രമെ സന്ദർശിക്കാൻ അനുവാദമുള്ളു എന്നിരിക്കെ അന്വേഷണ സംഘത്തിന്റെ അനുവാദമില്ലാതെ ഇയാൾ ദിലീപിനെ സന്ദർശിച്ചത്. അതേസമയം, നടന് ജയിലിൽ സൗകര്യങ്ങളൊരുക്കാനായി ജയിലധികൃതരെ സ്വാധീനിക്കാനായിരുന്നു സന്ദർശനമെന്ന ആക്ഷേപത്തെ പറ്റി ജയിൽവകുപ്പ് അനൗദ്യോഗിക അന്വേഷണം തുടങ്ങി. ജയിൽ സൂപ്രണ്ടിനെ കാണാനാണ് ഇയാൾ എത്തിയതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.