ചാരുംമൂട്: കെപി റോഡിലും ചാരുംമൂട് ജംഗ്ഷനിലും നിയമം ലഘിച്ച് മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകളുടെയും ടിപ്പർ ലോറികളുടെയും കൊലവിളി സർവീസിനെതിരേ ഒറ്റയാൾ പ്രതിഷേധം .സാമൂഹ്യ പ്രവർത്തകനായ പ്രകാശ് ചുനക്കരയാണ് സ്വകാര്യ ബസുകളുടെയും ടിപ്പർ ലോറികളുടെയും കൊലപ്പാച്ചിൽ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യ മുയർത്തി കെപി റോഡിൽ ചാരുംമൂട് ജംഗ്ഷനിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയത്.
കൂടാതെ നിരവധി സംഘടനകളും പ്രതിഷേധവുമായി ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. ചാരുംമൂട് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനവും അതിൽ സുരക്ഷാ കാമറകളും സ്ഥാപിച്ചിട്ടും വാഹനങ്ങൾ സിഗ്നൽ ലംഘിച്ച് കടന്നുപോകുന്നത് യാത്രക്കാരുടെ ജീവനെടുക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം സിഗ്നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞിട്ടും വേഗതയിൽ പാഞ്ഞെത്തിയ സ്വകാര്യ ബസ് സിഗ്നൽ നിയമം ലംഘിച്ച് കടക്കാനുള്ള ശ്രമത്തിനിടയിൽ സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് യാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ചിരുന്നു. വെട്ടിയാർ ഹരിവിലാസത്തിൽ രാജൻപിള്ളയു(54)ടെ ജീവനാണ് പൊലിഞ്ഞത്.
ചുവപ്പ് സിഗ്നൽ കണ്ടതിനെ തുടർന്ന് ഇടതുവശം ചേർത്ത് സ്കൂട്ടർ നിർത്താൻ ശ്രമിക്കുന്പോൾ വേഗതയിൽ എത്തിയ ബസ് സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷം സിഗ്നൽ മറികടക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ നൂറനാട് പോലീസ് ഡ്രൈവർക്കെതിരേ നരഹത്യക്ക് കേസെടുത്തു.
ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഇതിനിടയിൽ ട്രാഫിക് സിഗ്നലിൽ സ്ഥാപിച്ചിട്ടുള്ള കാമറ പരിശോധിച്ചപ്പോൾ ഏഴ് സ്വകാര്യ ബസുകൾ നിയമം ലംഘിച്ച് സിഗ്നൽ മറികടന്നതായുള്ള കാമറാ ദൃശ്യം ലഭിച്ചിട്ടുണ്ട്.
ഈ ബസുകൾക്കെതിരെയും ഡ്രൈവർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് പോലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചിട്ടുണ്ട്. മാത്രമല്ല വാഹനങ്ങളുടെ വേഗപ്പൂട്ട് പരിശോധന കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ കെപി റോഡിൽ വേഗപ്പൂട്ട് പരിശോധനയും കർശനമാക്കും.