ജയിലില്‍ നിയന്ത്രണങ്ങളില്ലാതെ ചിരിച്ചുല്ലസിച്ച് ശശികല! ജയില്‍ യൂണിഫോമും ധരിക്കേണ്ട; ശശികലയ്ക്ക് വിഐപി പരിചരണം ലഭിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

Sasikala1അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി കെ ശശികലയ്ക്ക് ജയിലില്‍ വിഐപി പരിചരണം ലഭിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വീഡിയോ ദൃശ്യങ്ങള്‍ ഒരു കന്നട ചാനലാണ് പുറത്തുവിട്ടത്. ജയിലില്‍ യാതൊരു നിന്ത്രണവുമില്ലാതെ ശശികല വളരെ കൂളായി നടക്കുന്നതാണ് വീഡിയോയില്‍ പതിഞ്ഞിരിക്കുന്നത്. ജയില്‍പുള്ളികള്‍ ധരിക്കേണ്ട വെള്ള വസ്ത്രവും ശശികല ധരിച്ചിട്ടില്ല. പകരം പോലീസുകാരോട് കുശലാന്വേഷങ്ങള്‍ ചോദിച്ച് തന്റെ ഭക്ഷണ പാത്രവുമായി ഉല്ലസിച്ചുനടക്കുകയാണ് ശശികല. ജയിലില്‍ ശശികലയ്ക്കായി പ്രത്യേക അടുക്കളയും പരിചാരികയും ഉണ്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ട് ഡിഐജി രൂപ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇത് ജയില്‍ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ജയില്‍ അധികൃതര്‍ക്ക് രണ്ട് കോടി രൂപ കോഴ നല്‍കിയാണ് ശശികല പ്രത്യേക പരിചരണം നേടിയതെന്നും ജയില്‍ ഡിഐജി രൂപയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ശശികലയ്ക്ക് വിഐപി പരിഗണന ലഭിച്ചുവെന്നതിന്റെ തെളിവായ വീഡിയോ ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടെന്ന് ജയില്‍ ഡിഐജി രൂപ ആരോപിച്ചു.

സംഭവത്തില്‍ മറ്റ് ജയില്‍പ്പുള്ളികളുമായി താന്‍ നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ മനപ്പൂര്‍വ്വം നശിപ്പിക്കപ്പെട്ടെന്നാണ് രൂപ ആരോപിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. വിവാദമായ വെളിപ്പെടുത്തലുകള്‍ നടത്തിയ രൂപയെ സ്ഥലം മാറ്റിയിരുന്നു. ജയില്‍ ഡിഐജി സ്ഥാനത്തുനിന്നും ട്രാഫിക്കിലേക്കാണ് സ്ഥലം മാറ്റിയത്. ജയിലില്‍ ശശികലയ്ക്കായി പ്രത്യേക അടുക്കളയും പരിചാരികയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ഡിഐജി രൂപ ചൂണ്ടിക്കാട്ടുന്നത്. ജയിലില്‍ വനിതകളുടെ സെല്ലിനടുത്തായി തയ്യാറാക്കിയ പ്രത്യേക അടുക്കളയിലാണ് ശശികലയ്ക്ക് ഭക്ഷണം പാകം ചെയ്യുന്നത്. ശശികലയ്ക്ക് പ്രത്യേകം മെനുവാണ് ദിവസവും തയ്യാറാക്കി നല്‍കുന്നതെന്നും ശശികല ജയില്‍ ചട്ടം ലംഘിച്ച് വൈകിട്ട് അഞ്ചു മണിയ്ക്ക് ശേഷമാണ് കൂടുതല്‍ സന്ദര്‍ശകരെ കണ്ടതെന്നും നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ശശികലയുടെ സെല്ലിന് അടുത്തുള്ള ചില സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശശികലയ്ക്ക് സന്ദര്‍ശകരെ കാണുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമായത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികലയെയും ബന്ധുക്കളായ ഇളവരശ്ശി, വി കെ സുധാകരന്‍ എന്നിവരെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീംകോടതി ശിക്ഷിച്ചത്.

Related posts