റിയാസ് കുട്ടമശേരി
ആലുവ: ഉന്നതരടക്കം കുടുങ്ങിയ കോളിളക്കം സൃഷ്ടിച്ച പറവൂർ, വരാപ്പുഴ പീഡനക്കേസുകളിലെ പ്രതികളെ പാർപ്പിച്ചതിലൂടെ മാധ്യമശ്രദ്ധ നേടിയ ആലുവ സബ്ജയിൽ പ്രമുഖ നടൻ ദിലീപിന്റെ വിചാരണത്തടവോടുകൂടി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത പ്രമാദമായ കേസിൽ ഗൂഢാലോചനാകുറ്റം ആരോപിച്ച് അറസ്റ്റിലായ ദിലീപിനെ റിമാന്റിലാക്കിയതോടെയാണ് ആലുവ ജയിൽ ഇന്ന് ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്.
വിവിധ കേസുകളിൽ വിചാരണ നേരിടുന്നവരും ശിക്ഷിക്കപ്പെട്ടവരുമായ 63ഓളം പ്രതികൾക്കൊപ്പം ദിലീപ് സ്വന്തം നാട്ടിലെ ജയിലിൽ ശാന്തനായി കഴിയുന്നതായാണ് റിപ്പോർട്ട്. ജാമ്യംനേടാനുള്ള നിയമനടപടികളുമായി ദിലീപിനുവേണ്ടിയുള്ള നീക്കങ്ങൾ പുരോഗമിക്കുന്പോൾ ആരോടും പരിഭവം പ്രകടിപ്പിക്കാതെ തങ്ങളിലൊരാളായി കഴിയുന്ന താരത്തോട് സഹതടവുകാർക്ക് സഹതാപം മാത്രം.
അങ്കമാലി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ദിലീപിനെ ആലുവ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തപ്പോൾ അവിടെ പ്രമുഖ നടനെന്ന നിലയിൽ പ്രത്യേക പരിഗണനയോടുകൂടി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇത് അന്നുതന്നെ പോലീസ് നിഷേധിക്കുകയും ചെയ്തു. തുടർന്ന് സബ്ജയിലിലെത്തിയ ദിലീപിന് സാധാരണ തടവുകാർക്കുള്ള പരിഗണനയോടെ നാലുപേരുള്ള സെല്ലിൽ 523-ാം നന്പർ തടവുകാരനായി പാർപ്പിക്കുകയായിരുന്നു. ആദ്യദിവസം പിന്നിട്ടതോടെ ജയിലിലെ ജീവിതവുമായി നടൻ പൊരുത്തപ്പെട്ടു.
ഇതിനിടയിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയതിനാൽ ആ ദിവസങ്ങൾ ആലുവ പോലീസ് ക്ലബിലായിരുന്നു ദിലീപിന്റെ തടവ്. കസ്റ്റഡിയിലെ ചോദ്യംചെയ്യലുകളും തെളിവെടുപ്പുകളും പൂർത്തിയാക്കി പഴയ സെല്ലിൽതന്നെ തിരിച്ചെത്തിയതോടെ ദിലീപി വീണ്ടും ജയിലിലെ താരമായി മാറി. അങ്ങനെ അഭ്രപാളികളിൽ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് മലയാളികളുടെ പ്രിയതാരം ഉറങ്ങിയും വായനയിൽ മുഴുകിയും തന്റെ ജയിൽദിനങ്ങൾ തള്ളിനീക്കുകയാണ്.
നടിയെ ആക്രമിച്ച കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളിൽ നാലുപേർ ആലുവ സബ്ജയിലിൽതന്നെ റിമാന്റിലുണ്ട്. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയടക്കമുള്ള മറ്റു പ്രതികൾ കാക്കനാട് ജില്ലാ ജയിലിലാണ്. ഇങ്ങോട്ട് അയക്കരുതെന്ന് ദിലീപ്തന്നെ കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാൽ, ആലുവ ജയിലിലുള്ള വടിവാൾ സലിം, പ്രദീപ്, മണികണ്ഠൻ, മാർട്ടിൻ എന്നീ പ്രതികൾക്കാകട്ടെ നടൻ ദിലീപിനെ നേരിൽ കാണാനോ സംസാരിക്കാനോ ഇതുവരെ അവസരം നൽകിയിട്ടില്ല.
എല്ലാ തടവുകാരും സംഗമിക്കുന്ന ഞായറാഴ്ചയിലെ സിനിമാപ്രദർശനം കാണാനുള്ള അവസരം ദിലീപടക്കമുള്ള പ്രതികൾക്ക് ജയിൽ അധികൃതർ നിഷേധിക്കുകയും ചെയ്തു. കൂടുതൽ സമയവും നിശബ്ദനായി കഴിയുന്ന ദിലീപ് ഇടയ്ക്ക് സെല്ലിലെ സഹതടവുകാരുമായി സംസാരിക്കാറുണ്ട്. തടവുപുള്ളിയായി കേരളം അറിയുന്ന ഒരു സെലിബ്രിറ്റി എത്തിയതിന്റെ ആദ്യ അങ്കലാപ്പുകളിൽനിന്നും ജയിൽ അധികൃതരും ഇപ്പോൾ മോചിതരായി.
ജയിലിൽ ദിലീപിന്റെ സന്ദർശകർക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും അടുത്ത ബന്ധുക്കൾക്കും അഭിഭാഷകനും മാത്രമാണ് സന്ദർശനാനുമതി. റിമാന്റിലായശേഷം ജയിലിൽ ദിലീപിനെ സന്ദർശിച്ചത് സഹോദരൻ അനൂപും സഹോദരീഭർത്താവും മാത്രം. പത്തുമിനിറ്റ് മാത്രം നീണ്ടുനിന്ന ഇവരുടെ സന്ദർശനം ജയിൽ അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു. ജയിൽനിയമപ്രകാരം നിശ്ചിത തുക മണിയോർഡറായി അയച്ചാൽ ബന്ധുക്കളെയും അഭിഭാഷകരെയും ഫോണിൽ ബന്ധപ്പെടാൻ സൗകര്യമുള്ള കാര്യം അധികൃതർ സഹോദരനെ അറിയിച്ചു.
ഇതിനെത്തുടർന്ന് ദിലീപിന്റെ ജയിൽവിലാസത്തിൽ സഹോദരൻ 200 രൂപ മണിയോർഡർ അയക്കുകയും ചെയ്തു. ജയിൽ സൂപ്രണ്ടിന് നേരത്തെ നൽകുന്ന മൂന്ന് നന്പറുകളിലേക്ക് മാത്രം ആഴ്ചയിൽ മൂന്നുതവണവരെ ഫോൺ ചെയ്യാൻ അനുവദിക്കും. ദിലീപിനായി അയച്ച മണിയോർഡർ ഇന്നലെ ജയിലിൽ കൈപ്പറ്റിയിട്ടുണ്ട്. ദിലീപ് ആവശ്യപ്പെടുന്ന പ്രകാരം ഈ തുക ഫോൺ ചെയ്യുന്നതിനായി ജയിൽ അധികൃതർ അനുവദിക്കും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജയിലിൽനിന്നും ഫോൺവിളിക്കാനുള്ള അവസരം ഇതോടെ ലഭ്യമാകും.
പ്രത്യേക സമയങ്ങളിൽമാത്രം അനുവദനീയമായ ദിനചര്യകൾ, ഭക്ഷണക്രമങ്ങൾ എന്നിവയുമായി ദിലീപ് ഇതിനകം പൊരുത്തപ്പെട്ടുകഴിഞ്ഞു. നിയമങ്ങളും നിർദേശങ്ങളും പാലിച്ച് തികച്ചും ശാന്തനായാണ് ദിലീപ് പെരുമാറുന്നതെന്നാണ് ജയിൽവൃത്തങ്ങൾ നൽകുന്ന സൂചന. നടൻ, നിർമാതാവ് എന്നീ നിലകളിൽ മലയാള സിനിമയുടെ ചുക്കാൻപിടിച്ച ദിലീപ് ആലുവ സബ്ജയിലിന്റെ ചുവരുകൾക്കുള്ളിൽ സകലതും സഹിച്ച് ശാന്തനായി കഴിയുന്പോഴും തന്നെ കുടുക്കിയതാണെന്ന സങ്കടം പലപ്പോഴും പങ്കുവെയ്ക്കുന്നുണ്ട്.