ന്യൂഡൽഹി: ആസാമീസ് നടി ബിദിഷ ബസ്ബറുവയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവുമായി ബിദിഷയ്ക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം. ആസാമീസ് അഭിനേത്രിയും ഗായികയുമായ ബിദിഷ ബസ്ബറുവയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഗുരുഗ്രാമിലെ വീട്ടിൽ തിങ്കളാഴ്ചയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഗോഹട്ടിയിലെ ഉസാൻ ബസാർ സ്വദേശിയാണ് ബിദിഷ ബസ്ബറുവ. തിങ്കളാഴ്ച ബിദിഷയെ ഫോണിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് ഇവരുടെ പിതാവ് പോലീസിനെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം തന്ന മേൽവിലാസത്തിൽ നടിയുടെ വാടകവീട്ടിൽ പോലീസ് അന്വേഷിച്ച് എത്തിയെങ്കിലും വീടിന്റെ ഗേറ്റും വാതിലും പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് പോലീസ് വീടിനകത്ത് പ്രവേശിച്ചപ്പോൾ ആണ് നടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ബിദിഷയുടെ മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. നടി താമസിച്ച വീട്ടിൽ വിശദമായ പരിശോധന നടത്തിയെങ്കിലും ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടില്ല. അതേസമയം നടിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു.
സാൻറോ സിസ്റ്റോ ഹ്രിസ്റ്റോ പുസ്തോ മൊഹാദുസ്തോ എന്ന നാടകത്തിലെ ഗംഭീര അഭിനയമാണ് ബിദിഷ ബസ്ബറുവയെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. നിരവധി സ്റ്റേജ് ഷോകളിലും ബിദിഷ അവതാരകയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.