വൈപ്പിൻ: പുതുവൈപ്പിൽ ആറുവയസുകാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കുടപ്പനക്കുന്ന് പേരൂർക്കട വഴയില പരുത്തൻപാറ ബിജോയ് രാജി (42) നെ ഞാറക്കൽ ഫസ്റ്റ്ക്ലാസ് മജിസ്ടേറ്റ് കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ന്യൂ ഇയർ രാത്രിയിലാണ് പ്രതി ബാലികയെ അതിക്രമത്തിനു ഇരയാക്കിയത്.
സംഭവത്തിനു ശേഷം നാടുവിട്ട പ്രതിയെ ആറര മാസങ്ങൾക്ക് ശേഷം ഞാറക്കൽ പോലീസ് തിരുവനന്തപുരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പുതുവൈപ്പിൽ വാടകക്ക് താമസിച്ചിരുന്നതാണ് പ്രതി. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെത്തുടർന്ന് ബാലികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഞാറക്കൽ പോലീസ് കേസെടുത്തത്. ഇതിനിടെ നാട്ടുകാർ ഇയാളെ ചെറിയരീതിയിൽ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം ഇയാൾ ഒളിവിൽ പോയി.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്തെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്ന വിവരം അറിയുന്നത്. ഞാറക്കൽ എസ്ഐ ആർ. രഗീഷ്കുമാർ, പ്രൊബേഷൻ എസ്ഐ ആർ. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അഡീഷണൽ എസ്ഐ രാജൻ ജോണ്, സീനിയർ സിപിഒമാരായ ഷഹീർ, റെനിൽ വർഗീസ് എന്നിവരും ഉണ്ടായിരുന്നു.