കോട്ടയം: നടൻ ദിലീപിന്റെ സഹോദരൻ അനൂപ് കോട്ടയം പൊൻകുന്നത്തിനു സമീപം ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിലെത്തി വഴിപാടുകൾ നടത്തി. ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അനൂപ് ജഡ്ജിയമ്മാവനു മുന്നിലെത്തി വഴിപാടുകൾ നടത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം എത്തിയ അനൂപ് ജഡ്ജിയമ്മാവന്റെ പ്രീതിക്കായി അട വഴിപാടു കഴിച്ചു. പ്രത്യേക പ്രാർഥനകൾക്കും പൂജകൾക്കും ശേഷം രാത്രി പത്തരയോടെയാണ് ഇവർ മടങ്ങിയത്. കഴിഞ്ഞദിവസം അനൂപിന്റെ സുഹൃത്ത് ക്ഷേത്രത്തിലെത്തി വഴിപാട് രസീത് എടുത്തിരുന്നുവെന്നും തുടര്‍ന്നാണ് അനൂപ് വൈകിട്ടോടെ ക്ഷേത്രത്തിലെത്തിയതെന്നുമാണ് വിവരം.
വ്യവഹാരങ്ങളില്‍ തീർപ്പാകാതെ ബുദ്ധിമുട്ടുന്നവർ ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. ജാമ്യം ലഭിച്ചാൽ ഉടൻതന്നെ ദിലീപും ഇവിടെയെത്തുമെന്ന് ക്ഷേത്രം ഭാരവാഹികളെ അനൂപ് അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.