കോതമംഗലം: വിദ്യാർഥികളടക്കമുള്ള യാത്രക്കാരുടെ ജീവനു പുല്ലുവില കൽപ്പിച്ച് വാതിലുകൾ തുറന്നുവച്ചു സ്വകാര്യ ബസ് സർവീസ്. കോതമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും പതിവ് കാഴ്ചയാണിത്. സ്കൂൾ സമയത്ത് വാതിൽപടിയിൽ തൂങ്ങി കിടന്നാണ് യാത്ര.
ബസിൽനിന്നു തെറിച്ചുവീണ് യാത്രക്കാർ മരണമടഞ്ഞ നിരവധി സംഭവങ്ങളാണ് സമീപനാളുകളിൽ ജില്ലയിൽ ഉണ്ടായിട്ടുള്ളത്. ഇതേത്തുടർന്നു വാതിലുകൾ അടച്ചുമാത്രമേ സർവീസ് നടത്താവൂ എന്ന കർശന നിർദേശമാണ് സ്വകാര്യ ബസ് ഉടമകൾക്കു മോട്ടോർവാഹന വകുപ്പധികൃതർ നൽകിയിട്ടുള്ളത്.
എന്നാൽ പലപ്പോഴും ഈ നിർദേശം ലംഘിക്കപ്പെടുകയാണ്. നഗരത്തെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ സർവീസ് നടത്തുന്ന ബസുകളാണ് നിയമലംഘനം കൂടുതലായി നടത്തുന്നത്. വീതി കുറഞ്ഞ റോഡുകളും വളവുകളും അപകട സാധ്യത വർധിപ്പിക്കുന്പോഴാണ് വാതിലുകൾ തുറന്നു യാത്രക്കാരുമായി അമിത വേഗതയിൽ സഞ്ചരിക്കുന്നത്.
നടപടി സ്വീകരിക്കേണ്ട അധികൃതർ മൗനം പാലിക്കുകയാണ്. ഡ്രൈവർ നിയന്ത്രിത വാതിലുകളാണ് മിക്ക ബസുകളിലും ഇപ്പോൾ ഉപയോഗിക്കുന്നത്. ഇവ തുറന്നുവച്ചാണ് ബസുകൾ സർവീസ് നടത്തുന്നത്.