ഡെര്‍ബി: വനിതാ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഓസ്ട്രേലിയയെ നേരിടും. റൗണ്ട് റോബിനിലെ അവസാന മത്സരത്തില്‍ ന്യൂസിലന്ഡിനെതിരേ നേടിയ വന്‍ ജയം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ സെമി ഫൈനലാണ്. കണക്കില്‍ ഓസ്ട്രേലിയയാണ് മുന്നില്‍.ഇന്ത്യക്കെതിരേയുള്ള 42 കളികളില്‍ 34 ജയം ഓസ്ട്രേലിയയ്ക്കൊപ്പമായിരുന്നു.
ന്യൂസിലന്ഡിനെതിരേ നേടിയ ജയം നല്കിയ കരുത്തുപയോഗിച്ച് ആറു തവണ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ കീഴടക്കാനാണ് മിതാലി രാജും കൂട്ടരും ലക്ഷ്യമിടുന്നത്. ഇന്ന് ഓസ്ട്രേലിയയെ തോല്‍പ്പിക്കാനായാല്‍ ലോകകപ്പ് ചരിത്രത്തിലെ രണ്ടാം ഫൈനലില്‍ ഇന്ത്യ പ്രവേശിക്കും. 2005ല്‍ ഫൈനലിലെത്തിയെങ്കിലും ഓസ്ട്രേലിയയോടു തോറ്റു.
റൗണ്ട് റോബിനില്‍ അഞ്ചു ജയവും രണ്ടു തോല്‍വിയുമായി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.
ഓസ്ട്രേലിയ ആറു ജയം, ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനത്തും. ന്യൂസിലന്ഡിനെതിരേ സെഞ്ചുറി നേടിയ മിതാലി രാജും അര്‍ധ സെഞ്ചുറികള്‍ നേടിയ വേദ കൃഷ്ണമൂര്‍ത്തി, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരും ബാറ്റിംഗ് കരുത്തു തെളിയിച്ചിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മികച്ച പന്തേറാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ബൗളിംഗില്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍തന്നെ അഞ്ചു വിക്കറ്റ് പ്രകടനം നടത്തിയ ഇടംകയ്യന്‍ സ്പിന്നര്‍ രാജേശ്വരി ഗെയ്ക്വാദ് ന്യൂസിലന്‍ഡിനെതിരേയുള്ള മത്സരത്തില്‍ ഇന്ത്യക്ക് വന്‍ ജയം നല്‍കുന്നതിന് വലിയ പങ്ക് വഹിച്ചു. ജൂലന്‍ ഗോസ്വാമിയും കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയിരുന്നു.
ഇവര്‍ക്കൊപ്പം ഓസ്ട്രേലിയക്കെതിരേയുള്ള റൗണ്ട് റോബിനില്‍ സെഞ്ചുറി നേടിയ പൂനം റൗത്തിന്് ഒരുക്കല്‍ക്കൂടി മികവിലെത്താനായാല് ഇന്ത്യക്ക് ഓസ്ട്രേലിയയ്ക്കെതിരേ ജയം സ്വന്തമാക്കാനാകും. റൗണ്ട് റോബിന് മത്സരത്തില്‍ ഓസ്ട്രേലിയയില്നിന്നേറ്റ എട്ടു വിക്കറ്റ് തോല്‍വിക്ക് ഒരു പകരം വീട്ടല്‍ കൂടിയാകും ഇന്ത്യക്ക്. അതുകൊണ്ട് ഇന്ത്യക്കു സര്‍വ മേഖലയിലും മികവിലെത്തിയേ പറ്റൂ. ഓപ്പണര്‍ സ്മൃതി മാന്ദാനയും ഫോമിലെത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
ഏഴാമത്തെ ലോക കിരീടം തേടിയിറങ്ങുന്ന ഓസ്ട്രേലിയയുടെ പതിനൊന്നാമത്തെ സെമി ഫൈനലാണ്. റൗണ്ട് റോബിനില്‍ ഇംഗ്ലണ്ടിനെതിരേ പരാജയപ്പെട്ടതാണ് ഓസ്ട്രേലിയയെ രണ്ടാം സ്ഥാനത്തേക്കു തള്ളിവിട്ടത്.