മുംബൈ: സച്ചിന് തെണ്ടുല്‍ക്കറെ ടീം ഇന്ത്യയുടെ ഉപദേശകനാക്കുന്നതില്‍ രവി ശാസ്ത്രി താത്പര്യമറിയിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക കമ്മിറ്റിയില്‍ സച്ചിനും ഉണ്ടാകണമെന്നു ശാസ്ത്രി ആഗ്രഹിച്ചിരുന്നു. ബിസിസിഐയുടെ പ്രത്യേക കമ്മിറ്റിയില്‍ ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന, സിഇഒ രാഹുല്‍ ജോഹ്രി, ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി,ഭരണസമിതി അംഗം ഡയാന എഡുല്‍ജി എന്നിവരാണ് പങ്കെടുത്തത്. തെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയില്‍ അംഗമാണ്. ആ കമ്മിറ്റിയാണ് പരിശീലകനെ തെരഞ്ഞെടുക്കുന്നത്.
ഇന്ത്യന്‍ ടീമിനു കുറച്ചു നാളുകളിലേക്കെങ്കിലും തെണ്ടുല്‍ക്കറെ കണ്‍സള്‍ട്ടന്റായി ലഭിക്കണമെന്ന ആഗ്രഹം ശാസ്ത്രി അറിയിച്ചു. എന്നാല്‍ സച്ചിനു ഭിന്നതാത്പര്യപ്രശ്നം നേരിടേണ്ടി വരുമെന്ന് ഈ അംഗം ചൂണ്ടിക്കാട്ടി. തെണ്ടുല്‍ക്കര്‍ കണ്‍സള്‍ട്ടന്റായി വരികയാണെങ്കില്‍ അദ്ദേഹം മുംബൈ ഇന്ത്യൻസിലെ ഉപദേശകപദവി ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദ്രാവിഡിന്റെ കടന്നുവര വിനെ തടയാനാണ് ശാസ്ത്രിയുടെ ഈ നീക്കമെന്നാണ് വിലയിരുത്തൽ. വിദേശ പരമ്പരകളില്‍ ബാറ്റിംഗ് ഉപദേശകനായാണ് ദ്രാവിഡിനെ നിയോഗിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ എ ടീം പരിശീലകന് കൂടിയായ ദ്രാവിഡിന്റെ സേവനം വിദേശ പരമ്പരകളില്‍ എത്രമാത്രം ലഭ്യമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ദ്രാവിഡ് പോകുന്നില്ല. ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോകുന്നതിനാലാണിത്. ഈ സാഹചര്യത്തില്‍ ദ്രാവിഡിന് പകരം സച്ചിനെ ബാറ്റിംഗ് ഉപദേശകനാക്കണമെന്നാണ് ശാസ്ത്രി രഹസ്യമായി ആവശ്യപ്പെടുന്നത്.
ഇത്തരമൊരു നിര്‍ദേശം വന്നാല്‍ അതിനെ സൗരവ് ഗാംഗുലി ഉള്‍പ്പെടെ ആര്‍ക്കും എതിര്‍ക്കാനും കഴിയില്ല. സച്ചിന്റെ പേര് ഉയര്‍ന്നുവന്നാല്‍ ദ്രാവിഡ് വിവാദം ഒഴിവാക്കാനായി സ്വയം പിന്മാറാനും സാധ്യതയുണ്ട്.
ശാസ്ത്രിയുടെ വാര്‍ഷിക ശമ്പളം എട്ടു കോടി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ രവിശാസ്ത്രിക്ക് എട്ട് കോടി രൂപ വാര്‍ഷിക ശമ്പളം നല്കാന് ബിസിസിഐ തീരുമാനിച്ചു. ബിസിസിഐ, ശാസ്ത്രിക്കു ശമ്പളം ഉയര്‍ത്തുന്ന കാര്യത്തില്‍ ഏകണ്ഠമായ അഭിപ്രായമാണെടുത്തത്. മുന്‍ പരിശീലകന് അനില്‍ കുംബ്ലെയ്ക്കു 6.5 കോടി രൂപയായിരുന്നു വാര്‍ഷിക ശമ്പളം. കുംബ്ലെ ശമ്പള വര്‍ധന ആവശ്യപ്പെട്ടിരുന്നു. സഹ പരിശീലകരായ ഭരത് അരുണ്‍, ആര്. ശ്രീധര്‍, സഞ്ജയ് ബംഗാര്‍ എന്നിവര്‍ക്ക് 2.3 കോടി രൂപയായിരിക്കും വാര്‍ഷിക ശമ്പളം. ഇവര്‍ക്ക് ഐപിഎല്‍ ടീമുകളുമായി കരാറുള്ളതുകൊണ്ടാണ് ശമ്പളത്തില്‍ കുറവ്.
“ആളുകള്‍ വരും പോകും”
മുംബൈ: രവി ശാസ്ത്രിയും അനില്‍ കുംബ്ലെയും ഒക്കെ വന്നും പോയുമിരിക്കും. ഇന്ത്യൻ ക്രിക്കറ്റ് നിലനിൽക്കും. ഇന്ത്യന്‍ ടീം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതായിരിക്കുന്നത് കളിക്കാരുടെ പ്രയത്നം കൊണ്ടാണെന്നു രവി ശാസ്ത്രി. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് താന്‍ വളരെയധികം പക്വത പ്രാപിച്ചതായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ പരിശീലകന് രവി ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി പരിശീലകനുമായി ബന്ധപ്പെട്ട് പല നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പരിശീലകനായുള്ള ആദ്യ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടീമിന്റെ മുന്‍ ഡയറക്ടറായിരുന്ന ശാസ്ത്രിയെ കാത്ത് മാസം അവസാനത്തോടെ ആദ്യ വെല്ലുവിളിയെത്തുകയാണ്. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ മത്സരം 26ന് തുടങ്ങും. പരമ്പരയില്‍ മൂന്നു ടെസ്റ്റും അഞ്ച് ഏകദിനവും, ഒരു ട്വന്റി-20യുമാണുള്ളത്. കഴിഞ്ഞ ലങ്കന്‍ പര്യടനത്തിലെ ഇന്ത്യയുടെ തിരിച്ചുവരവ് അദ്ദേഹം ഓര്‍മിപ്പിച്ചു. 2-1ന് ഇന്ത്യ ടെസ്റ്റ് പരമ്പര ജയിച്ചു. വിരേന്ദര്‍ സെവാഗ്, ടോം മൂഡി എന്നിവരെ കടത്തിവെട്ടിയാണ് ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായത്.