തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതു സംബന്ധിച്ച് സുപ്രീംകോടതി നിർദേശ പ്രകാരം അഭിപ്രായ സമന്വയമുണ്ടാക്കാൻ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ഈയാഴ്ച അവസാനം എത്തും. എ നിലവറ തുറന്നശേഷം സുപ്രീംകോടതി നിയോഗിച്ച മൂല്യനിർണയ സമിതി കണക്കെടുപ്പ് പൂർത്തിയാക്കിയിരുന്നു.
ഇതേ തുടർന്നാണ് ബി നിലവറ തുറക്കുന്നതിന് അഭിപ്രായ സമന്വയമുണ്ടാക്കാൻ അമിക്കസ് ക്യൂറിയോട് സുപ്രീംകോടതി നിർദേശിച്ചത്. ബി നിലവറ തുറക്കുന്നത് ആചാരവിരുദ്ധമാണെന്നാണ് രാജകുടുംബം സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്.ബി നിലവറയ്ക്ക് രണ്ടു ഭാഗമുള്ളതായും രണ്ടാമത്തെ ഭാഗം തുറന്നിട്ടില്ലെന്നുമാണ് രാജകുടുംബം പറയുന്നത്.
ബി നിലവറ തുറക്കുന്നത് ആചാരവിരുദ്ധമാണെന്ന രീതിയിൽ ക്ഷേത്ര സഹപൂജാരിയുടെ പേരിൽ നവമാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്നുണ്ട്. ഈ പ്രചാരണങ്ങളിൽ തനിക്ക് പങ്കില്ലെന്നും പ്രചരിപ്പിക്കുന്ന ശബ്ദം തന്റേതല്ലെന്നും സംഭവത്തെക്കുറിച്ച അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേസ് നൽകുമെന്നും സഹശാന്തി ഗോശാല വിഷ്ണു നന്പൂതിരി അറിയിച്ചു.