വടക്കഞ്ചേരി: ചിറ്റടിയിൽ പൂട്ടിക്കിടന്ന വീട്ടിൽനിന്നും മൂന്നേമുക്കാൽ ലക്ഷം രൂപ കവർന്ന സംഭവത്തിൽ പ്രദേശവാസിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഇയാളെ മംഗലംഡാം പോലീസ് കസ്റ്റഡിയിലെടുത്തു, വടക്കഞ്ചേരി സിഐ പി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പല സ്ഥലങ്ങളിൽനിന്ന് കാണാതായ സാധനങ്ങളും കുറച്ചു പണവും കസ്റ്റഡിയിലുള്ള വ്യക്തിയുടെ വീട്ടിൽനിന്നും കണ്ടെടുത്തിട്ടുണ്ടെന്നാണ് സൂചന.ചിറ്റടി സെന്ററിൽ മംഗലംഡാം റോഡിൽ വാടകയ്ക്ക്താമസിക്കുന്ന പീച്ചി സ്വദേശി സുകുമാരന്റെ പണമാണ് കവർന്നത്. ഇയാളുടെ വാഹനം വിറ്റ പണമായിരുന്നു ഇത്.
ഇന്നലെ പുലർച്ചെയാണ് വീടിന്റെ മുൻഭാഗത്തെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന് പണം കവർന്നിട്ടുള്ളത്. മരക്കച്ചവടക്കാരനായ സുകുമാരൻ പെരുന്പാവൂരിൽപോയി പുലർച്ചെ തിരിച്ചുവന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. മരത്തിന്റെ ബിസിനസുമായി ബന്ധപ്പെട്ട് സുകുമാരൻ ചിറ്റടിയിലാണ് താമസിക്കുന്നത്. ഇതിനു പുറമേ ഗ്യാസ് സ്റ്റൗവും മരംമുറിക്കുന്ന കട്ടറും മോഷണം പോയിട്ടുണ്ട്.