ഒറ്റയ്ക്ക് ബസിൽ യാത്ര ചെയ്യുന്പോൾ പരിചയമില്ലാത്ത മുഖങ്ങളാണ് നമ്മുടെ ചുറ്റും ഉണ്ടാവുക. പക്ഷെ മനുഷ്യത്വം എന്ന വികാരം ഓരോ മനുഷ്യനിലും തോന്നാൻ തൊട്ടടുത്തിരിക്കുന്നയാളെ പരിചയമുണ്ടാകണം എന്ന് നിർബന്ധമില്ല. ഇതിന് ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാൻ നിരവധി സംഭവങ്ങൾ നമ്മുടെ കൺമുന്നിലുണ്ട്.
തന്റെ വാഹനത്തിൽ കയറിയ യാത്രക്കാരനെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കുക എന്നത് ഓരോ ഡ്രൈവറുടെയും കടമയാണ്. എന്നാൽ മനുഷ്യത്വപരമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന നല്ലവരായ ഡ്രൈവർമാർക്കു കൂടി ചീത്ത പേര് കേൾപ്പിക്കുന്ന ചിലരുമുണ്ടാകും. ഇതിന് ഏറ്റവും വലിയ തെളിവായാണ് അനൂപ് എം.എ എന്ന യുവാവ് കെഎസ്ആർടിസിയിൽ നിന്ന് താൻ നേരിട്ട ദുരനുഭവം ഫേസ്ബുക്ക് വഴി സമൂഹവുമായി പങ്കുവച്ചിരിക്കുന്നത്.
കെഎസ്ആർടി ബസിൽ തന്റെ സമീപം ഇരുന്ന സഹയാത്രികന് നെഞ്ചു വേദന അനുഭവപ്പെട്ടപ്പോൾ അദ്ദേഹത്തിന് വെള്ളം വാങ്ങി നല്കുന്നതിനായി ബസ് നിർത്താൻ അനൂപ് ഡ്രൈവറോട് ആവശ്യപ്പെട്ടു. തുടർന്ന് വെള്ളം വാങ്ങുന്നതിനായി ഇറങ്ങിയപ്പോൾ തിരിച്ചുകയറുന്നതിനു മുൻപ് ബസ് വിട്ടു. ബാഗ് ബസിനുള്ളിലായതിനാൽ ഓട്ടോ പിടിച്ച് വൈക്കം ഡിപ്പോയിൽ ചെന്നപ്പോൾ നെഞ്ച് വേദന വന്ന രോഗി ബാഗുമായി വൈക്കം ഡിപ്പോയിൽ വേദന സഹിച്ചു നില്കുന്നു. സമയം പോയതിനാൽ അദ്ദേഹത്തെയും കയറ്റാതെയാണ് ബസ് വിട്ടുപോയതെന്നും അനൂപ് ഫേസ്ബുക്കിൽ കുറിക്കുന്നു. അല്പം കാരുണ്യം പോലും ഇല്ലാതെ വീട്ടിൽ എത്താൻ പായുന്ന ഏമാൻമാർ, രോഗം ആർക്കും എപ്പോഴും വരാം എന്ന കാര്യം ഓർക്കണമെന്നു കൂടി പറഞ്ഞാണ് അനൂപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.