ന്യൂഡൽഹി: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചോദ്യം ചെയ്യാൻ നേരിട്ട് ഹാജരാകാൻ ബോളിവുഡ് താരം ഷാരൂഖ് ഖാന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഓഗസ്റ്റ് 23ന് മുംബൈയിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള ഐപിഎൽ ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരി വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (എഫ്ഇഎംഎ) ലംഘിച്ചുവെന്ന കുറ്റമാണ് ഷാരൂഖിനു മേൽ ചുമത്തിയിരിക്കുന്നത്. ഓഹരികൾ വിലകുറച്ച് കാണിച്ചതിലൂടെ 73.6 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.
കഴിഞ്ഞ മാർച്ചിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സഹഉടമകളായ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ, നടി ജൂഹി ചൗള എന്നിവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.