ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിനോട് ഉപമിച്ച് ആര്. അശ്വിന് പുലിവാല് പിടിച്ചു. മ്യൂണിക് ദുരന്തത്തിന് ശേഷം ഉയര്‍ത്തെഴുന്നേറ്റ മാഞ്ചസ്റ്റര്‍ ടീമിനോടാണ് അശ്വിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഉപമിച്ചത്. ഫേസ്ബുക്കിലായിരുന്നു അശ്വിന്റെ പരാമര്‍ശം. ഇതോടെ സൂപ്പര്‍ കിംഗ്സിന്റെ ആരാധകര്‍ അശ്വിനെതിരെ രംഗത്തെത്തെത്തി. സംഗതി കൈവിട്ടുപോയെന്നു മനസിലാക്കിയ അശ്വിന് ഒടുവില്‍ വിശദീകരണവുമായി രംഗത്തെത്തി.
മ്യൂണിക് ദുരന്തത്തില്‍നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ടീം തിരിച്ചുകയറിയതുപോലെയാവും രണ്ടുവര്‍ഷത്തെ സസ്പെന്‍ഷനു ശേഷം ഐപിഎലിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തിരിച്ചുവരവെന്നായിരുന്നു അശ്വിന് തട്ടിവിട്ടത്. 1958ലെ മ്യൂണിക് ദുരന്തത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ എട്ടുതാരങ്ങളടക്കം 23 പേരാണ് മരിച്ചത്.
ബെല്‍ഗ്രേഡില്‍ യൂറോപ്യന്‍ കപ്പ് കളിച്ചശേഷം മാഞ്ചെസ്റ്റര്‍ താരങ്ങള്‍ കയറിയ ബ്രിട്ടീഷ് യൂറോപ്യന്‍ എയര്‍വേസ് വിമാനം പറന്നുയരുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. 10 വര്‍ഷത്തിനുശേഷം യൂറോപ്യന്‍ കപ്പ് നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമായിമാറി. ഇക്കാര്യം ഓര്‍മിച്ചായിരുന്നു അശ്വിന്റെ പോസ്റ്റ്. തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായതെന്ന് അശ്വിന് വിശദമാക്കി.