കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥൻ നേരിട്ട് ഉത്തരവാദിയാണെന്നതിന് തെളിവില്ലെന്ന് റിപ്പോർട്ട്. റവന്യൂ അഡീഷണൽ സെക്രട്ടറി പി.എച്ച്. കുര്യൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇങ്ങനെ പരാമർശിച്ചിട്ടുള്ളത്.
ജോയിയുടെ കരം സ്വീകരിക്കുന്നത് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിൽ തഹസീൽദാർക്കും വില്ലേജ് ഓഫീസർക്കും വീഴ്ചപറ്റി. കർഷകനോട് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്നും കഴിഞ്ഞദിവസം റവന്യൂമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കർഷകൻ ജോയി ജീവനൊടുക്കിയ കേസിൽ പ്രേരണാക്കുറ്റം ചുമത്തിയാണ് വില്ലേജ് അസിസ്റ്റന്‍റ് സിലീഷ് തോമസിനെ അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫിസർ സണ്ണിയെയും സിലീഷീനെയും റവന്യൂവകുപ്പ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് വിശദമായ അന്വേഷണത്തിനായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പി.എച്ച്.കുര്യനെ ചുമതലപ്പെടുത്തിയത്.
സംഭവത്തിന് ഉദ്യോഗസ്ഥൻ നേരിട്ട് ഉത്തരവാദിയല്ല. കൈക്കൂലി ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ തെളിവില്ല. എന്നാൽ ജോയിയുടെ ഭൂമിക്ക് കരമടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി. തഹസീൽദാരുടെ മുന്നിലുണ്ടായിരുന്ന പ്രശ്നം പരിഹരിക്കാൻ വില്ലേജ് ഓഫീസറുടെ ഭാഗത്തുനിന്ന് കാര്യമായ നീക്കമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു
കുടുംബപ്രശ്നങ്ങളും ജോയി ജീവനൊടുക്കുന്നതിന് കാരണമായെന്നും സഹോദരനുമായി ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കേസിൽ റിമാൻഡിലായിരുന്ന സിലീഷ് തോമസിന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞമാസം 21 നാണ് സ്വന്തം ഭൂമിക്ക് കരമടയ്ക്കാൻ വൈകുന്നതിലുള്ള മനോവിഷമത്തിൽ കർഷകൻ ജോയി ചെമ്പനോട വില്ലേജ് ഓഫീസിൽ തൂങ്ങിമരിച്ചത്.