ആലുവ: റോഡിലെ മരണക്കുഴി അടയ്ക്കാൻ ഒറ്റയാൾ സേവനവുമായി സാമൂഹ്യ പ്രവർത്തകനായ തുരുത്ത് സ്വദേശി പുളിക്കായത്ത് നാസർ. പന്പ് കവലയിൽ മുൻസിപ്പൽ റോഡിലെ മരണക്കുഴിയാണു നാസർ ഒറ്റയ്ക്ക് അടച്ചത്. സ്വകാര്യ ടെലഫോണ്‍ കന്പനി കേബിൾ ഇടാൻ കാന കീറിയതുമൂലമാണ് ഇവിടെ കുഴി രൂപപ്പെട്ടത്.
കുഴി അടയ്ക്കാനോ കുഴിക്ക് കാരണക്കാരായവർക്കെതിരേ നടപടിയെടുക്കാനോ അധികൃതർ തയാറായില്ല. കുഴിമൂലം നിരവധി അപകടങ്ങളും ഇവിടെയുണ്ടായിരുന്നു. മഴ തുടങ്ങിയതോടെ കുഴിയുടെ വലിപ്പവും അപകടങ്ങളുടെ എണ്ണവും വർധിച്ചു. ഇരുചക്ര വാഹനങ്ങളാണു കൂടുതൽ അപകടത്തിൽ പെട്ടിരുന്നത്.
അധികൃതർ കുഴിമൂടാൻ തയാറാകാതെ വന്നതോടെ നാസർ ഒറ്റയ്ക്കു രംഗത്തെത്തുകയായിരുന്നു. സമീപത്തെ സ്ഥാപനത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിൽ ശേഷിച്ച സിമന്റ് കട്ടകൾ ഉപയോഗിച്ചാണ് അദ്ദേഹം കുഴി അടച്ചത്. ഗതാഗതക്കുരുക്ക് മൂലം ദുരിതമനുഭവിക്കുന്ന നഗരത്തിൽ ഗതാഗത സംവിധാനം സുഗമമാക്കാൻ നാസർ ഇതിനു മുൻപും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം മുൻനിർത്തി ഓസ്കാർ ആലുവ എന്ന സംഘടന ഇദ്ദേഹത്തെ നേരത്തെ ആദരിച്ചിരുന്നു.