തൊടുപുഴ: തൊടുപുഴ പാലത്തിൽ നിന്നും തൊടുപുഴയാറ്റിലേക്ക് ചാടിയ യുവാവ് ജനങ്ങളെ ഒരു മണിക്കൂറോളം മുൾമുനയിൽ നിർത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് തൊടുപുഴ ഒളമറ്റം പുത്തൻപുരയ്ക്കൽ മണികണ്ഠൻ (45) പഴയ പാലത്തിൽ നിന്നും 30 അടി താഴ്ചയിൽ പുഴയിലേയ്ക്ക് ചാടിയത്.
വഴിയാത്രക്കാരോട് എനിക്കു മടുത്തുവെന്നു പറഞ്ഞു ഒരു ചാക്കുമായിട്ടാണ് ചാടിയത്. ഈ രംഗം കണ്ട യാത്രക്കാർ ബഹളം വച്ചപ്പോളാണ് മറ്റുള്ളവർ അറിയുന്നത്. നാട്ടുകാർ പാലത്തിന്റെ നടപ്പാതയിലെത്തിയപ്പോൾ അടിയൊഴുക്കു കൂടുതലുള്ള തൊടുപുഴയാറ്റിലൂടെ മണികണ്ഠൻ മുങ്ങിയും പൊങ്ങിയും താഴ്ഭാഗത്തേയ്ക്ക് ഒഴുകി നീങ്ങി.ജനങ്ങൾ നോക്കി നിൽക്കേ യുവാവിന്റെ തലയും കൈയും മാത്രം വെള്ളത്തിനു മുകളിൽ കണ്ടു.
യുവാവ് ഒഴുകി നീങ്ങുന്നതിനൊപ്പം ജനം കരയിലൂടെ ശബ്ദമുണ്ടാക്കി ഓടി. വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും രംഗത്തെത്തി. ഇതിനിടെ യുവാവ് നീന്തി അന്പലക്കടവിലേക്ക് വന്നു. നാട്ടുകാർ കൂടി നിൽക്കുന്നതു കണ്ടപ്പോൾ കരയ്ക്കു കയറാതെ വീണ്ടും മുന്നോട്ടു നീന്തി. പാപ്പൂട്ടി ഹാളിനു സമീപം കടവിൽ എത്തിയപ്പോൾ മണികണ്ഠൻ കൈ കുഴഞ്ഞു മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയിലായി. നീന്താനുള്ള ലഹരിയിറങ്ങിയപ്പോൾ വെള്ളത്തിൽ പൊങ്ങി കിടക്കാൻ പോലും കഴിയാത്ത അവസ്ഥ. തല പോലും വെള്ളത്തിനു മുകളിലേക്ക് ഉയർത്താൻ കഴിയുന്നില്ല. രണ്ട് കൈകൾ മുകളിലേക്ക്.
ഇതേ സമയം ഫയർഫോഴ്സ് നഗരത്തിലൂടെ ചുറ്റിക്കറങ്ങി റിവർവ്യൂ റോഡിലെത്തി. ഇവർ പുഴയിലിറങ്ങി മണികണ്ഠനെ കരകയറ്റി. അപ്പോഴും കൈയിൽ കരുതിയ ചാക്കിൽനിന്നും പിടിവിട്ടിട്ടില്ലായിരുന്നു. ഇതെല്ലാം എനിക്ക് നിസാരം എന്നർഥത്തിലുള്ള ചിരിയുമായി യുവാവ് കരയ്ക്കെത്തിയപ്പോൾ പോലീസിനും ജനത്തിനും ആശ്വാസം. ഫയർഫോഴ്സു ഉദ്യോഗസ്ഥരായി ടി.ടി അനീഷ്കുമാർ, ബിൽസ് ജോർജ്, ടി.കെ മണി എന്നിവർ ചേർന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസിനു ഇയാളെ കൈമാറി.
പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള പല ആത്മഹത്യശ്രമങ്ങളും ഉണ്ടായിരുന്നതു കൊണ്ടാണ് ജനം പരിഭ്രാന്തരായത്. ഏതാനും വർഷം മുന്പു പാലത്തിൽ നിന്നും പുഴയിൽ ചാടിയ ആളെ രക്ഷിച്ചതു പിന്നാലെ ചാടിയ പോലീസ് കോണ്സ്റ്റബിളാണ്. തൊടുപുഴ നഗരത്തിൽ പതിവ് സന്നിധ്യമായ മണികണ്ഠനു ജോലിയൊന്നുമില്ല. ആരോടും സഹായം ചോദിക്കും. മദ്യലഹരിയിൽ ജനങ്ങളെ പരിഭ്രാന്തരാക്കിയതിന് മണികണ്ഠനെതിരെ കേസെടുത്തതായി തൊടുപുഴ എസ്.ഐ വിഷ്ണുകുമാർ പറഞ്ഞു.