അടിമാലി: ചികിത്സ തേടിയെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച ഹോമിയോ ഡോക്ടറെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിടയിൽ രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ച് വിവരം വെളിപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. അടിമാലി ഇരുട്ടുകാനം സ്വദേശിയായ കല്ലാനിക്കൽ റോയിയാണ് അടിമാലി പോലീസിന്റെ പിടിയിലായത്. ഇയാൾ അടിമാലിയിൽ നടത്തിവന്നിരുന്ന എസ് എൻ ഹോമിയോ ഡിസ്പെൻസറി എന്ന സ്ഥാപനത്തിൽ നടുവേദനക്ക് ചികിത്സ തേടിയെത്തിയ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്.
നടുവേദനയെ തുടർന്ന് പെണ്‍കുട്ടി ഏതാനും ദിവസങ്ങളായി റോയിയുടെ ചികത്സയിലായിരുന്നു.മുന്‍പെല്ലാം പെണ്‍കുട്ടി അമ്മയോടൊപ്പമായിരുന്നു ചികത്സക്കെത്തിയിരുന്നത്.സംഭവ ദിവസം അനുജത്തിയോടൊപ്പമാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. പെണ്‍കുട്ടിയെ തനിയെ മുറിയിലേക്ക് വിളിപ്പിച്ച റോയി പെണ്‍കുട്ടി മുറിയിൽ കയറിയ ഉടൻ വാതിൽ അടച്ചു. തുടർന്ന് ചികത്സക്കെന്ന വ്യാജേന പെണ്‍കുട്ടിയുടെ അടുത്തിരുന്ന റോയി ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും കടന്നാക്രമിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഐപിസി 376-ാം വകുപ്പ് പ്രകാരം പീഡനത്തിന് റോയിക്കെതിരെ കേസെടുത്തിരിക്കുന്നത്.പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.