കിഴക്കന്പലം: വിദേശചൂണ്ടയെപ്പറ്റി കേട്ടപ്പോൾ പിണർമുണ്ട സ്വദേശി നിജിലിന് ഒരെണ്ണം വാങ്ങണമെന്നു പൂതി കയറി. വില കേട്ടപ്പോൾ ഒന്നു മടിച്ചെങ്കിലും 9,000 രൂപ കൊടുത്ത് ഒന്നു സ്വന്തമാക്കി.
സമയം കിട്ടുന്പോഴൊക്കെ നിജിൽ ഇപ്പോൾ വിദേശ ചൂണ്ടയുമായി ഗമയോടെ മീൻ പിടിക്കാനിറങ്ങുന്നു. വീടിനടുത്തുള്ള തോട്ടു വക്കത്തിരുന്നു ചൂണ്ടയിടും. തോട്ടിൽ മീനുണ്ടെങ്കിൽ തന്റെ ചൂണ്ടയിൽ കൊത്തിയിരിക്കുമെന്നും ചൂണ്ടവിലയുടെ മൂന്നിരട്ടിയോളം പണം മീൻ വിറ്റ വകയിൽ ഇതിനോടകം കിട്ടിയെന്നും നിജിൽ അഭിമാനത്തോടെ പറയുന്നു.
ആറടിയോളം നീളമുള്ള ലോഹനിർമിത ദണ്ഡുകൊണ്ടുള്ളതാണു ചൂണ്ട. 120 മീറ്ററോളം നീളത്തിലുള്ള നൂൽ ഇതിൽ ചുറ്റിയിരിക്കുന്നു. നൂലിന്റെ അറ്റത്തായി പ്ലാസ്റ്റിക്കിൽ നിർമിച്ച മഞ്ഞനിറമുള്ള ചെറിയ ഒരു തവളയുണ്ട്.
അതിനുള്ളിൽ ബലവത്തായ രണ്ടു ചൂണ്ടക്കൊളുത്തുകൾ. മീനുകളുടെ ചലനം വീക്ഷിച്ചശേഷം ആ ഭാഗത്തേക്ക് ഇരയായ പ്ലാസ്റ്റിക് തവളയെ എറിഞ്ഞിടും. പിന്നെ ചൂണ്ടയുടെ കൈപ്പിടിയിൽ ഘടിപ്പിച്ചിട്ടുള്ള യന്ത്രത്തിൽ പതുക്കെ നൂലു ചുറ്റും. ഈ സമയം ചൂണ്ടക്കൊളുത്തിലെ ഇര വെള്ളത്തിനു മീതെ ഇളകിനീങ്ങും. ഇതു കാണുന്ന മീനുകൾ ഇരയെ വിഴുങ്ങും. ഈ സമയം ചൂണ്ട ശക്തിയോടെ വലിക്കുന്നതോടെ കൊളുത്തിൽ മീൻ കുടുങ്ങും.നാല്പതു കിലോയോളം ഭാരം വഹിക്കാൻ ശേഷിയുള്ളതാണ് നൂലും ദണ്ഡും.
പിണർമുണ്ട തോട്ടിൽ മീൻ പിടിക്കാനെത്തിയ നിജിലിനു കഴിഞ്ഞ ദിവസം കിട്ടിയതു രണ്ടര കിലോഗ്രാം തൂക്കമുള്ള വരാൽ ഇനത്തിൽപെട്ട ചേറൻ മീൻ. കിലോഗ്രാമിനു 300 രൂപയ്ക്കാണ് സമീപവാസിക്ക് ഇതിനെ വിറ്റത്. 23 കിലോഗ്രാം മീൻ വരെ ഒരു ദിവസം കിട്ടിയിട്ടുണ്ടെന്നു നിജിൽ പറഞ്ഞു. ഒഴിവു ദിവസങ്ങളിൽ ദൂരസ്ഥലങ്ങളിലും മീൻ പിടിക്കാൻ പോകാറുള്ള നിജിൽ കൊച്ചി റിഫൈനറിയിലെ കരാർ തൊഴിലാളിയാണ്.