കടുത്ത വേനലിനുശേഷം വരുന്ന മഴക്കാലവും അതിനോടനുബന്ധിച്ചുവരുന്ന കർക്കടക ചികിത്സയും കേരളത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഈ കാലാവസ്ഥയിൽ അഗ്നിബലവും രോഗപ്രതിരോധ ശക്തിയും കുറയുകയും ധാരാളം രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. വേനൽക്കാലത്ത് സൂര്യന്റെ ചൂടുകൊണ്ട് ചുട്ടുപഴുത്തിരിക്കുന്ന ഭൂമിയെ മഴകൊണ്ടു പെട്ടെന്ന് തണുപ്പിക്കുകയും ഇതുമൂലം ഭൂമിയുടെ അമ്ലാവസ്ഥ കൂടുകയും ഇത് വായുവിനെ ദുഷിപ്പിച്ച് രോഗാണുക്കളെ കരുത്ത് ആർജിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യവാന്മാർക്കുപോലും രോഗഭയം ഉണ്ടാകുന്നു. ഇവിടെയാണ് കർക്കടക ചികിത്സയുടെ പ്രാധാന്യം.
ആരോഗ്യസംരക്ഷണത്തിന്
ഒരു രോഗിയുടെ രോഗം ചികിത്സിച്ചു മാറ്റുക എന്നതിനോടൊപ്പം ആരോഗ്യവാന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതിനുകൂടി ആയുർവേദം പ്രാധാന്യംനൽകുന്നുണ്ട്. കർക്കടക ചികിത്സ ഒരു ചികിത്സ മാത്രമല്ല ഒരു ജീവിതചര്യകൂടിയാണ്. അതിനാലാണ് കർക്കടക ചികിത്സയ്ക്ക് കേരളത്തിൽ ഇത്രയും പ്രാധാന്യം നൽകുന്നത്.
തെറ്റിദ്ധാരണ വേണ്ട
ഇന്ന് ജനങ്ങൾക്കിടയിൽ കർക്കടക ചികിത്സയെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണങ്ങൾകടന്നുകൂടിയിട്ടുണ്ട്. ഇവയിൽ ചിലത് ഇവിടെ വിവരിക്കാം:
ആയുർവേദ ചികിത്സ കർക്കടക മാസത്തിൽ ചെയ്താൽ മാത്രമേ ഫലം ലഭിക്കുകയുള്ളൂ എന്നതാണ് അതിൽ പ്രധാനപ്പെട്ട ഒരു ധാരണ. രോഗത്തിന്റെയും രോഗിയുടെയും അവസ്ഥയ്ക്കനുസരിച്ച് ഉചിതമായ ചികിത്സ ഉചിതമായ കാലത്തിൽ ചെയ്താൽ അതിന്റെ പൂർണഫലം ലഭിക്കുമെന്നത് തർക്കമില്ലാത്ത സത്യമാണ്.
തിരുമ്മലും ആവിയിൽ ഇരുത്തുന്നതും മാത്രമല്ല
മറ്റൊരു മറ്റൊരു ധാരണ കർക്കടക ചികിത്സ എന്നത് തിരുമ്മലും ആവിയിൽ ഇരുത്തുന്നതും മാത്രമാണ് എന്നതാണ്. മുൻപേ സൂചിപ്പിച്ചതുപോലെതന്നെ കർക്കടക ചികിത്സ എന്നത് ഒരു ജീവിത ചര്യയാണ്.
ആയുർവേദത്തിൽ ഓരോ ഋതുക്കളിലും ഓരോ ചര്യകൾ അനുഷ്ഠിക്കാൻ പറയുന്നുണ്ട്. അവയിൽ ഒന്നാണ് വർഷ ഋതുചര്യ അഥവാ കർക്കടകചികിത്സ എന്ന് പറയപ്പെടുന്നത്.
ശോധന, പഞ്ചകർമ ചികിത്സകൾ
ഒരു ഋതുവിൽ നിന്ന് മറ്റൊരു ഋതുവിലേക്ക് മാറുന്ന കാലയളവിനെ ഋതുസന്ധികൾ എന്ന് പറയുന്നു. ഈ ഋതുസന്ധികളിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്ന രോഗകാരികളായ ദോഷങ്ങളെ പുറന്തള്ളാൻ ശോധന ചികിത്സയെക്കാൾ ഉത്തമമായ ചികിത്സ ഇല്ലെന്നു തന്നെ പറയാം. പഞ്ചകർമ ചികിത്സകളാണ് ഇതിനായി പ്രധാനമായും ചെയ്യുന്നത്. ഈ ചികിത്സകളോടൊപ്പം തന്നെ ഉള്ളിൽ ഒൗഷധങ്ങൾ സേവിക്കുക. ലഘുവായതും എളുപ്പത്തിൽ ദ്രവിക്കുന്നതുമായ ആഹാരങ്ങൾ കഴിക്കുവാൻ ശ്രദ്ധിക്കുകയും വേണം.
കർക്കടക കഞ്ഞി
കഞ്ഞിയാണ് ഈ അവസ്ഥയിൽ ഏറ്റവും ഉത്തമം. അതിനാലാണ് കർക്കടകത്തിൽ ഒൗഷധങ്ങൾ ചേർത്ത കർക്കടക കഞ്ഞി കഴിക്കണം എന്ന് നിർദേശിക്കുന്നത്. ഇത്തരം ചര്യകൾ കൊണ്ട് ശരീരത്തിൽ അടിഞ്ഞു കൂടിയതും ദുഷിച്ചതും രോഗകാരണങ്ങളുമായ മാലിന്യത്തെ പുറന്തള്ളുകയും ശരീരം ശുദ്ധമാക്കുകയും ചെയ്യുന്നു. ഇതുമൂലം അഗ്നിബലം വർധിക്കുകയും രോഗപ്രതിരോധ ശക്തി കൂടുകയും ചെയ്യുന്നു.
ഡോ. അനുപ്രിയ എസ്.എസ്.
ബിഎച്ച്എംഎസ്.
മേടവ തന്പാൻസ് ആയൂർവേദിക്
പഞ്ചകർമ സെന്റർ, താമരപ്പള്ളിലയിൽ, തിരുനക്കര, കോട്ടയം.