തിരുവന്പാടി: പുതുപ്പാടി വില്ലേജ് ഓഫീസിനു മുന്പിൽ സർവകക്ഷി ഭൂസംരക്ഷണ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന നിരാഹാര സമരം വിജയിച്ചു. മൂന്നാഴ്ച നീണ്ടുനിന്ന സമരമാണ് വിജയിച്ചത്.പുതുപ്പാടി വില്ലേജിലെ ഏകദേശം 1400 പേർക്ക് പട്ടയം നൽകാൻ ധാരണയായി.
ജൂലൈ പത്തിനാണ് അനിശ്ചിതകാല സത്യാഗ്രഹമായി ഭൂസമരം ആരംഭിച്ചത്. 100/1ലെ ആയിരത്തോളം കുടുംബങ്ങളുടെ ഭൂമി ക്രയ വിക്രയ അവകാശം പുനഃസ്ഥാപിക്കുക, 1/1ലെ 400 കുടുംബങ്ങൾക്ക് പട്ടയം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എന്നാൽ സമരഫലം കാണാതായതോടെ 17 മുതൽ നിരാഹാര സമരം തുടങ്ങുകയായിരുന്നു. റവന്യു മന്ത്രി ചന്ദ്രശേഖരൻ, ജില്ലാ കളക്ടർ ചർച്ച നടത്തിയെങ്കിലും സർക്കാർ ഉത്തരവിട്ടാൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറുകയുളളു എന്ന നിലപാടിലായിരുന്നു നേതാക്കൾ.
നിരാഹാര സമരത്തിന് പിന്തുണ അറിയിച്ച് ഐക്യദാർഢ്യറാലിയിൽ കുടുംബശ്രീ പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ, കർഷകർ, കർഷക തൊഴിലാഴികൾ, വിദ്യാർഥികൾ, വിവിധ സാമൂഹ്യ സംഘടന പ്രവർത്തകർ തുടങ്ങിയവർ അണിനിരന്നിരുന്നു.