നടി ആക്രമിക്കപ്പെട്ട സംഭവം ക്ലൈമാക്സിലേക്ക്. ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനെതിരേ ശക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചെന്നാണ് സൂചന. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചനകള്‍. ചൊവ്വാഴ്ച ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത കാവ്യയെ ഇന്ന് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ ഇന്ന് തന്നെ അറസ്റ്റുണ്ടാകുമെന്നാണ് പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
കാവ്യയെ വീണ്ടും സിനിമയില്‍ സജീവമാക്കുന്നതിനായി ദിലീപ് ബിനാമി വഴി പണംമുടക്കിയ പാപ്പി അപ്പച്ചാ, പിന്നെയും എന്നീ ചിത്രങ്ങളെക്കുറിച്ചും അചതിന്റെ ഷൂട്ടിംഗിലുണ്ടായ സംഭവങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പിന്നെയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പള്‍സര്‍ സുനി എത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചു. ദിലീപിന്റെ ആലുവയിലെ തറവാട്ടുവീട്ടിലാണ് ചൊവ്വാഴ്ച ആദ്യഘട്ടമെന്ന നിലയില്‍ കാവ്യയെ ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ച പല ചോദ്യങ്ങളില്‍ നിന്നും കാവ്യ ഒഴിഞ്ഞുമാറുകയായിരുന്നു. കാവ്യയുമായുള്ള ബന്ധം മുന്‍ഭാര്യ മഞ്ജു വാര്യരെ ആക്രമിക്കപ്പെട്ട നടി അറിയിച്ചതിലുള്ള പകയാണ് ആക്രമണത്തിന് കാരണമായതെന്ന ദിലീപിന്റെ മൊഴിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്ന മറുപടിയാണ് അവര്‍ നല്‍കിയത്. സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും കേസില്‍ ദിലീപിനെ നിങ്ങള്‍ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും കാവ്യ പോലീസിനോട് ചോദിച്ചു.
ലക്ഷ്യയില്‍ സുനില്‍കുമാര്‍ വന്നതായി തനിക്ക് യാതൊരു അറിവുമില്ല. തന്റെയടുത്ത് വന്നിട്ടില്ല. മറ്റാരുടെയെങ്കിലും അടുത്ത് എത്തിയതായി തനിക്ക് വിവരമില്ലെന്നും കാവ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന മറുപടിയാണ് കാവ്യ നല്‍കിയത്. ഈ സാഹചര്യത്തിലാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ പെന്‍ഡ്രൈവ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ഏല്‍പ്പിച്ചുവെന്നാണ് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ സംഘത്തോട് സമ്മതിച്ചത്. ഈ പെന്‍ഡ്രൈവ് വാങ്ങിയത് ദിലീപിന്റെ ഒരു ബന്ധുവാണെന്നാണ് പോലീസ് പുറത്തുപറയുന്നത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കാവ്യയ്ക്ക് വ്യക്തമായ അറിവുണ്ടെന്ന സംശയത്തിലാണ് പോലീസ്. ഇത് സംബന്ധിച്ച ചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ കാവ്യയെ പോലീസ് കേന്ദ്രത്തില്‍ ചോദ്യം ചെയ്തെങ്കിലേ കൂടുതല്‍ വ്യക്തത വരൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇന്നോ അടുത്ത ദിവസങ്ങളിലോ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.