സിനിമാ മേഖലയിലുള്ള ചിലർക്കു മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തെലുങ്ക് ഇൻഡസ്ട്രിയിലെ പ്രമുഖ താരങ്ങളും അണിയറപ്രവർത്തകരും അടക്കമുള്ളവരെ കുറിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവ് ലഭിച്ചത്.
ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പതിനഞ്ചോളം സിനിമാ താരങ്ങൾക്ക് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചിരുന്നു. അക്കൂട്ടത്തിൽ നടി ചാർമിക്കും നോട്ടീസ് ലഭിച്ചിരുന്നു. മയക്കുമരുന്ന് വിവാദത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത് തന്റെ കരിയറും ഭാവിയും തകർക്കാനാണെന്ന് നടി ചാർമി കൗർ പ്രതികരിച്ചു. ബലപ്രയോഗത്തിലൂടെ തന്റെ നഖം, തലമുടി, രക്തം എന്നിവയുടെ സാന്പിൾ എടുക്കാൻ അധികൃതരെ അനുവദിക്കരുതെന്ന ആവശ്യവുമായാണ് ചാർമി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
മയക്കുമരുന്ന് മാഫിയയുമായി എനിക്കൊരു ബന്ധവുമില്ല. ഞാൻ അവിവാഹിതയായ ഒരു യുവതിയാണ്. ഈ കേസിൽ പെടുത്തിയാൽ എന്റെ ജീവിതം എങ്ങനെയാകുമെന്ന് എല്ലാവർക്കും അറിയാം.എന്റെ കരിയർ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്-ചാർമി പറയുന്നു. സിനിമാ താരങ്ങളിൽ നിന്ന് ബലം പ്രയോഗിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ സാന്പിൾ പരിശോധിക്കുന്നതെന്ന് അഭിഭാഷകൻ വിഷ്ണു വർധൻ റെഢി മാധ്യമങ്ങളോട് പറഞ്ഞു.
ജൂലൈ 26നാണ് ചാർമിയോട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്പിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.ചാർമി ഉൾപ്പെടെ തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിലെ 15 താരങ്ങൾക്കാണ് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചത്. രവി തേജ, പൂരി ജഗന്നാഥ്, സുബ്രാം രാജു, ഗായിക ഗീത മാധൂരിയുടെ ഭർത്താവ് നന്ദു, താനിഷ്, നവദീപ് തുടങ്ങിയവർക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 2002ൽ പുറത്തിറങ്ങിയ കാട്ടു ചെന്പകം എന്ന ചിത്രത്തിലൂടെയാണ് ചാർമി മലയാള സിനിമയിൽ എത്തിയത്. പിന്നീട് മമ്മൂട്ടി ചിത്രമായ താപ്പാന, ദിലീപ് നായകനായ ആഗതൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.