ശരീരത്തിന്റെ വൈകല്യങ്ങളെ മറികടന്ന് ജീവിതത്തിൽ വിജയിക്കണമോ അതോ നിരുപാധികം തോൽവി സമ്മതിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഒാരോരുത്തരുടെയും മനശക്തിയെ ആശ്രയിച്ചിക്കും. തോൽവി സമ്മതിക്കുന്ന ഓരോരുത്തരും വായിച്ചിരിക്കേണ്ടതാണ് ഹരിയാന സ്വദേശിയായ മദൻലാൽ എന്ന നാൽപ്പത്തിയഞ്ചു വയസുകാരന്റെ കഥ. കാരണം ഇരുകൈകളും ഇല്ലാതെ അദ്ദേഹം കാലുകൾ ഉപയോഗിച്ച് തയ്യൽ ജോലി ചെയ്താണ് സ്വന്തമായി വരുമാനം കണ്ടെത്തുന്നത്.
മദൻലാൽ തുണിയുടെ അളവ് എടുക്കുന്നതും മുറിക്കുന്നതും മനോഹരമായി തുണി തയ്ക്കുന്നതുമെല്ലാം തന്റെ കാലുകൾ ഉപയോഗിച്ചാണ്. വൈകല്യം കാരണം ചെറുപ്പത്തിൽ താൻ ഒരുപാട് അവഗണന നേരിട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.”വീട്ടിൽ എന്റെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് അപ്പൂപ്പനും അമ്മൂമ്മയുമായിരുന്നു. പക്ഷെ സ്കൂളിൽ എനിക്ക് അഡ്മിഷൻ തരാൻ അധികാരികൾക്ക് ഇഷ്ടമുണ്ടായിരുന്നില്ല. മാത്രമല്ല എന്നെ പഠിപ്പിക്കാൻ അധ്യാപകർക്കും ഇഷ്ടമുണ്ടായിരുന്നില്ല. ഇതെല്ലാം മാനസികമായി എന്നെ തളർത്തുകയും ചെയ്തു. പക്ഷെ എനിക്ക് എന്തെങ്കിലുമൊക്കെ ആകാൻ കഴിയുമെന്ന് അവരെ കാണിച്ചു കൊടുക്കണം എന്ന ആഗ്രഹം മനസിൽ ശക്തിയായി വർധിച്ചു വരികയായിരുന്നു..’ മദൻലാലിന്റെ വാക്കുകളിൽ നിന്ന് പുറത്തുവരുന്നത് ആത്മവിശ്വാസം മാത്രം.
വീട്ടിലുള്ളവർ തന്നെ പഠിപ്പിക്കാൻ വിട്ടില്ലെന്നും അതുകൊണ്ട് ജീവിതത്തിൽ വിജയിക്കാൻ സ്വയം എന്തെങ്കിലും ചെയ്യണം എന്ന് മദൻലാലിനു തോന്നുകയായിരുന്നു. 23 വയസുള്ളപ്പോഴാണ് അദ്ദേഹം തയ്യൽ പരിശീലിക്കാൻ തീരുമാനിച്ചത്. എന്നാൽ അതും കരുതിയതുപോലെ വളരെ ബുദ്ധിമുട്ടായിരുന്നു. നിരവധി തയ്യൽ ജോലിക്കാരുടെ അടുക്കൽ പരിശീലനത്തിനു ചെന്നു. പക്ഷെ കൈയില്ലാതെ വസ്ത്രം തയിക്കാൻ കഴിയില്ലന്നു പറഞ്ഞ് എല്ലാവരും പരിഹസിച്ചു. സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. തുടർന്ന് ഫത്തേബാദിലെത്തിയ അദ്ദേഹം ലാൽ എന്നൊരു തയ്യൽക്കാരനെ സമീപിക്കുകയായിരുന്നു.
ആദ്യം അദ്ദേഹം വഴക്കു പറഞ്ഞെങ്കിലും ഒരു അവസരം നൽകാൻ മദൻലാൽ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ഒരു അവസരം ലഭിച്ചു. അതിൽ വിജയിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ കീഴിൽ കുറേക്കാലം പരിശീലനം നടത്തി.
കാലുകൾ ഉപയോഗിച്ച് തയ്യൽ പരിശീലിച്ച മദൻ കുറച്ചു കാലത്തിനു ശേഷം തന്റെ ഗ്രാമത്തിൽ സ്വന്തമായി തയ്യൽ കട ആരംഭിക്കുകയും ചെയ്തു. ആ ദിവസമാണ് അത്രയും നാൾ അനുഭവിച്ച വേദന താൻ മറന്നതെന്നാണ് അദ്ദേഹം പറയുന്നത്. കട പച്ചപിടിച്ചതോടെ തന്നെ തേടി ദൂരദേശങ്ങളിൽ നിന്നു പോലും ആളുകൾ വരാൻ തുടങ്ങിയെന്നും മദൻലാൽ പറയുന്നു.
തനിക്കു വന്ന ദുരനുഭവത്തെക്കുറിച്ചോർത്ത് ദുഖിക്കാതെ അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ജീവിതത്തിൽ വിജയിച്ച മദൻലാൽ എല്ലാവർക്കും ഒരു മാതൃകയാണ്.