ചങ്ങരംകുളം: ഹൃദയാഘാതത്തിനു ചികിത്സ നടത്തി വന്ന കേസിൽ പിടിയിലായ വ്യാജഡോക്ടറെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി തരുപടികയിൽ റഹീമിനെയാണ് (47) ആണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
പത്താംതരം വിദ്യാഭ്യാസം മാത്രമുള്ള പ്രതി കഴിഞ്ഞ മൂന്ന് മാസമായി വ്യാജ രേഖകൾ ചമച്ച് എടപ്പാൾ അണ്ണക്കന്പാട് ഹാർട്ട് സേവ് എന്ന പേരിൽ ക്ലിനിക് നടത്തി വരികയായിരുന്നു. കാർഡിയോളജി വിഭാഗത്തിൽ ബിരുദമുണ്ടെന്ന രീതിയിൽ ഡോക്ടർ റഹീം എന്ന ബോർഡ് വച്ചാണ് രോഗികളെ പരിശോധിച്ച് വന്നിരുന്നത്.
സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ ആരോഗ്യവകുപ്പിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർ വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ചങ്ങരംകുളം പോലീസിന് ഡിഎംഒ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചങ്ങരംകുളം എസ്ഐ കെ.പി.മനേഷിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിൽ റെയ്ഡ് നടത്തി വ്യാജ ഡോക്ടറെ കസ്റ്റഡിയിൽ എടുത്തത്.
പരിശോധനക്കായി ഉപയോഗിച്ച മറ്റു ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു. ചങ്ങരംകുളം എസ്ഐയെ കൂടാതെ ഡപ്യൂട്ടി ഡിഎംഒ പ്രകാശൻ, സഹപ്രവർത്തകരായ ഡോക്ടർ അഫ്സൽ, ഡോക്ടർ ഷിബുലാൽ, വട്ടംകുളം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.