ഞാനും നീയും രാവിൻ കനവിൽ… എന്ന ഹിറ്റ് ഗാനത്തിലൂടെ പ്രേക്ഷകരുടെ കാത്തിരിപ്പിനു മധുരം പകർന്ന സഹീദ് അറാഫത്ത് ചിത്രം തീരം തിയറ്ററുകളിലേക്ക്. നടൻ രതീഷിന്റെ മകൻ പ്രണവിന്റെ ആദ്യ റിലീസാണു തീരം. പൂനെയിൽ സ്ഥിരതാമസമാക്കിയ മലയാളി മോഡൽ മറിയ യോഹന്നാനാണ് തീരത്തിൽ പ്രണവിന്റെ നായിക. മോഹൻലാൽ-ഫഹദ് ചിത്രം റെഡ് വൈനാണ് മറിയയുടെ ആദ്യചിത്രം. 2011 ലെ മിസ് കേരള റണ്ണർ അപ്പായ മറിയ മോഡലിംഗിലും സജീവം. എൽഎൽബി പൂർത്തിയാക്കി പൂനെയിൽ ഇന്റേണ്ഷിപ്പ് ചെയ്യുന്ന മറിയ തിരക്കഥാരചനയിലും സജീവമാകാനുള്ള ഒരുക്കത്തിലാണ്. പ്രിനീഷ് പ്രഭാകരൻ, അൻസാർ താജുദീൻ എന്നിവരുടെ രചനയിൽ ഷെയ്ക് അഫ്സൽ നിർമിച്ച തീരത്തിൽ സുഹറയായി വേഷമിട്ട മരിയ യോഹന്നാൻ സംസാരിക്കുന്നു…
സിനിമയിലേക്ക് എത്തിയത്..
എൽഎൽബി സെക്കൻഡ് ഇയർ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് മിസ് കേരള മത്സരത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ വന്നത്. മത്സരത്തിൽ ഞാൻ റണ്ണർ അപ്പ് ആയി. അങ്ങനെയാണ് സിനിമാക്കാർ എന്നെ അറിഞ്ഞതും റെഡ് വൈൻ എന്ന സിനിമയിൽ നിന്ന് ഓഫർ വന്നതും. ഡയറക്ടർ എബ്രിഡ് ഷൈൻ വഴിയാണ് റെഡ് വൈനിലേക്ക് ഓഫർ വന്നത്. മിസ് കേരളയിൽ വച്ചുള്ള പരിചയമാണ് അദ്ദേഹവുമായി. എബ്രിഡ് സാറാണ് സലാമിക്കയോട് എന്റെ പേരു നിർദേശിച്ചത്. സലാം സാറിനു ഫോട്ടോ അയച്ചുകൊടുത്തു. ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട് ഓഡിഷനു വിളിച്ചു. അങ്ങനെയാണ് റെഡ് വൈനിൽ ഫഹദിന്റെ ഒപ്പോസിറ്റായി ഞാൻ വരുന്നത്.
ആ സിനിമ കരിയറിൽ ഒരുപാടു ഹെൽപ്പായി. അതൊരു മെയിൽ ഓറിയന്റഡ് സിനിമ ആയിരുന്നു. മോഹൻലാൽ സാറും ഫഹദും ആസിഫും – മൂന്നുപേരും നിൽക്കെ ഹീറോയിനു സ്ക്രീൻ സ്പേസ് കുറവായിരുന്നു. പക്ഷേ, റെഡ് വൈനുശേഷം ഇൻഡസ്ട്രിയിൽ മിക്കവാറും എല്ലാവർക്കും എന്നയറിയാം. ജാസ്മിൻ എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയും പഠനവും ഒന്നിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നു തോന്നിയപ്പോൾ എൽഎൽബി കംപ്ലീറ്റ് ചെയ്തിട്ടു മതി അഭിനയമെന്നു ഞങ്ങൾ തീരുമാനിച്ചു. അതിനാൽ റെഡ് വൈനുശേഷം ബ്രേക്ക് എടുത്തു.
തീരത്തിലേക്കുള്ള വഴി….
സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തീരം എന്ന സിനിമയിലെ മുസ്ലിം കഥാപാത്രത്തിനു അനുയോജ്യയായ ആളിനെ അവർ തേടുകയായിരുന്നു. അങ്ങനെയിരിക്കെയാണ് ഡയറക്ടർ അറാഫത്ത് ഇക്കയുടെ ഭാര്യ റെഡ് വൈനിലെ എന്റെ കാരക്ടറിനെക്കുറിച്ചു സൂചിപ്പിച്ചതും എന്നെ ആ റോളിലേക്കു പരിഗണിക്കാൻ പറഞ്ഞതും. എന്റെ ഫോട്ടോയും മൂവിയും കണ്ടതിനുശേഷം പ്രൊഡ്യൂസർ അഫ്സലിക്കയാണു പപ്പയെ വിളിച്ചത്. അപ്പോൾ ഞാൻ എൽഎൽബി നാലാം വർഷം പഠിക്കുകയായിരുന്നു. കഥ എനിക്കു മെയിൽ ചെയ്തു തന്നു. വായിച്ചുനോക്കിയപ്പോൾ ഇഷ്ടപ്പെട്ടു.
തീരത്തിലേക്ക് ആകർഷിച്ചത്…
എനിക്കിഷ്ടമായത് ഇതിന്റെ റിയലിസ്റ്റിക് സമീപനമാണ്. എവിടെയും സംഭവിക്കാവുന്ന കഥ. ലോവർ മിഡിൽ ക്ലാസ് ഫാമിലിയിലുള്ള രണ്ടുപേർ തമ്മിലുള്ള പ്രണയം- അത് എങ്ങനെയാണു വർക്കൗട്ട് ആകുന്നതെന്നു സിനിമ പറയുന്നു. സന്പന്ന കുടുംബത്തിലെ പെണ്കുട്ടി പ്രണയിക്കുന്നതുപോലെയല്ല ഇടത്തരം കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ ഏറെയുള്ള ഒരു പെണ്കുട്ടി പ്രണയിക്കുന്നത്.
സുഹറയുടെ ജീവിതത്തിലേക്ക് ഒരു ദിവസം അലി എന്ന കഥാപാത്രം കടന്നുവരുന്നു. വാസ്തവം പറയുകയാണെങ്കിൽ അവർക്കു പ്രണയിക്കാൻ കുറേ കടന്പകളുണ്ട്. പക്ഷേ, അവർ പ്രണയത്തിലാണുതാനും. എല്ലാറ്റിനോടും പോരാടി നിന്നുള്ള പ്രണയമാണത്.
പ്രണവിന്റെ കഥാപാത്രം അലിയെക്കുറിച്ച്…
ഓട്ടോ ഡ്രൈവറാണ് അലി. രാത്രിയിൽ ഓട്ടോ ഓടിക്കും. പകൽ ബ്രഡ് ഫാക്ടറിയിൽ ജോലി. അവിടെ വച്ചാണ് അലി സുഹറയെ കണ്ടുമുട്ടുന്നത്. സുഹറയും അവിടെത്തന്നെയാണു ജോലി ചെയ്യുന്നത്. ഏറെ ഇൻട്രോവേർട്ടാണ് അലി. സുഹറയ്ക്ക് അലി ഒരു നിഗൂഢവ്യക്തിത്വമാണ്. അലിക്ക് എന്തോ ഒരു സസ്പെൻസ് ഉണ്ട്. അതുകൊണ്ടുതന്നെ അവൾക്കു പേടിയുമുണ്ട്. അയാളെ പ്രണയിച്ചാൽ എന്താവും എന്നകാര്യത്തിൽ. കാരണം, അലി തുറന്നുസംസാരിക്കില്ല. അങ്ങനെയുള്ള ഒരാളെ പ്രണയിക്കുന്നതിന്റെ കൂടി സമ്മർദമുണ്ട് അവളിൽ. ഒന്നാമത് അവൾ ചുമക്കുന്ന കുടുംബഭാരം, പിന്നെ അലിയുടെ നിഗൂഢമായ പെരുമാറ്റം.
പ്രണവുമൊത്തുള്ള അഭിനയം…
പ്രണവിനെ ആദ്യമായി കാണുന്നതുതന്നെ സെറ്റിൽവച്ചാണ്. ഇതിലെ കഥാപാത്രത്തെേപോലെതന്നെ ഒത്തിരി സംസാരിക്കുന്ന ആളല്ല പ്രണവും. ആദ്യത്തെ മൂന്നുദിവസം വരെ ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി വർക്കൗട്ട് ആകുമോ എന്ന് അറാഫത്ത് ഇക്കയ്ക്കു സംശയമുണ്ടായിരുന്നു. പ്രണവ് അടിസ്ഥാനപരമായി അലിയാണെന്ന് പല ഘട്ടങ്ങളിലും എനിക്കു തോന്നിയിട്ടുണ്ട്. കാരക്ടറുമായി ഒത്തിരി സാദൃശ്യമുണ്ട്. അറാഫത്ത് ഇക്കയുടെ ഒരു ഡിസ്കവറിയാണല്ലോ പ്രണവ്. അതു വളരെ കൃത്യമായ കാസ്റ്റിംഗ് തന്നെയായിരുന്നു. ആദ്യത്തെ രണ്ടു മൂന്നു ദിവസം ഞങ്ങൾ അധികം സംസാരിച്ചിരുന്നില്ല. പിന്നീട് ഓകെയായി. പ്രണവ് ബംഗളൂരുവിൽ പഠിച്ചുവളർന്ന ആളാണല്ലോ. അവിടത്തെ കോളജ് ലൈഫ്, സുഹൃത്തുക്കൾ.. അങ്ങനെ കുറേ കാര്യങ്ങൾ പറഞ്ഞുവന്നപ്പോൾ ഞങ്ങൾക്കിടയിൽ കൂടുതൽ സൗഹൃദമായി.
റെഡ് വൈനിൽ നിന്നു തീരത്തിൽ എത്തിയപ്പോൾ…
റെഡ് വൈനിൽ എന്റെ കാരക്ടറിന് അധികം സ്ക്രീൻ സ്പേസ് ഇല്ലായിരുന്നു. അധികം സ്ട്രെസ് എടുക്കേണ്ട കാര്യമില്ലായിരുന്നു. സമ്മർദങ്ങളുമില്ലായിരുന്നു. അതിനാൽ വളരെ സിംപ്ളി ഷൂട്ട് നടന്നു. എന്നാൽ തീരത്തിൽ ഫിസിക്കലി ഒത്തിരി സ്ട്രെയിൽ എടുത്തിട്ടുണ്ട്. ഞാൻ മാത്രമല്ല എല്ലാവരും, ഡയറക്ടറും ക്രൂവും ഉൾപ്പെടെ എല്ലാവരും. ബേക്ക് ഫാക്ടറിയിൽ ഷൂട്ട് ചെയ്യുന്പോൾ ഒരു ഹീറ്റ് ചേംബറിൽ പെട്ട പോലെയാണ്. ഫാനില്ല. ആകെയൊരു ബോയിലിംഗ് ഇഫക്ടായിരുന്നു അവിടെ. ബേക്ക് ഫാക്ടറിയുടെ ഉള്ളിൽത്തന്നെ ഷൂട്ട് 15 ദിവസം ഉണ്ടായിരുന്നു. ഹിമാലയ ബേക്കേഴ്സ് ആലപ്പുഴയുടെ ഒറിജിനൽ യൂണിറ്റിലാണു ഷൂട്ട് ചെയ്തത്. അതിന്റെ ഉള്ളിൽ എപ്പോഴും ഓവന്റെ മുന്പിൽ നിൽക്കുന്ന ഫീലിംഗാണ്.
എനിക്ക് ഒട്ടും ശീലമില്ലാത്ത ലൊക്കേഷനുകളിലെ ഷൂട്ടായിരുന്നു ചലഞ്ചിംഗ്. ചെളിപ്പാടത്തിലൂടെയും നൂൽപ്പാലം പോലെയുള്ള പാലങ്ങളിലൂടെയും ബാലൻസ് ചെയ്തുള്ള നടത്തം പുതിയ അനുഭവമായിരുന്നു. പേടിയുണ്ടായിരുന്നു, പക്ഷേ ചെയ്തു. പക്ഷേ, ക്രൂ, ഡയറക്ടറും പ്രൊഡ്യൂസറും.. എല്ലാവരും സപ്പോർട്ടീവ് ആയിരുന്നു. ആലപ്പുഴയിലെ ഷൂട്ടിംഗ് ഏറെ എൻജോയ് ചെയ്തു. ഈ സിനിമ കാരണം ആലപ്പുഴയുടെ സൗന്ദര്യം അടുത്തറിഞ്ഞു.
ഡയോലഗ്സ് എനിക്കു മംഗ്ലീഷിൽ എഴുതിത്തന്നിരുന്നു. അതു ഞാൻ കാണാപ്പാഠം പഠിച്ചു പറഞ്ഞു. പ്രോപ്റ്റിംഗ് ഉപയോഗിച്ചിരുന്നില്ല. സുഹറ ഒരു തനി മലയാളിക്കുട്ടിയാണല്ലോ. എന്റെ മലയാളത്തിന് ഒരു നോർത്തിന്ത്യൻ ടച്ച് വരുന്നതിനാൽ ഡബ്ബിംഗ് ആർട്ടിസ്റ്റാണ് സിനിമയിൽ എനിക്കു ശബ്ദം കൊടുത്തിരിക്കുന്നത്.
സിനിമയിലെത്തുന്നതു പണ്ടെയുള്ള സ്വപ്നമായിരുന്നോ…
സ്കൂൾ സമയങ്ങളിലൊന്നും സിനിമയിലെത്തുന്നതിനെക്കുറിച്ചു ഞാൻ ഒട്ടും ചിന്തിച്ചിട്ടില്ല. എന്റെ ഫാമിലിയിൽ ആരുംതന്നെ സിനിമയിലില്ല. സ്കൂളിലായിരുന്നപ്പോൾ സ്റ്റേജ് പരിപാടികളൊന്നും ചെയ്തിട്ടില്ല. കോളജിൽ വന്നശേഷമാണ് ഫാഷൻ കോന്പറ്റീഷനുകളിൽ പങ്കെടുത്തുതുടങ്ങിയത്. മിസ് കേരളയ്ക്കുശേഷം പരസ്യചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങി. ചെമ്മണ്ണൂർ, ഫ്രാൻസിസ് ആലുക്ക, ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ തുടങ്ങി ധാരാളം പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. പൂനെയിൽ റിലീസുള്ള മിക്ക മലയാള സിനിമകളും ഞാൻ കാണാറുണ്ട്. കഴിഞ്ഞദിവസം ടിയാൻ കണ്ടിരുന്നു.
മലയാളം എങ്ങനെ പഠിച്ചു…?
മലയാളം എഴുതുകയും വായിക്കുകയുമില്ല. പക്ഷേ, വീട്ടിൽ മലയാളം സംസാരിക്കും. പപ്പ ആർമിയിലായിരുന്നു. ജനിച്ചതു മാത്രമേയുള്ളൂ കേരളത്തിൽ. വളർന്നതൊക്കെ നോർത്ത് ഇന്ത്യയിലാണ്. മിസ് കേരളയിൽ വരുന്നതിനു മുന്പ് ഇത്രയും ഫ്ളുവന്റ് അല്ലായിരുന്നു എന്റെ മലയാളം. പിന്നെ ഞാൻ നാട്ടിൽ രണ്ടു വർഷത്തോളം ഉണ്ടായിരുന്നു. എല്ലാവരുമായും കൂടുതൽ ഇടപഴകാൻ അവസരമുണ്ടായി. മിസ് കേരളയ്ക്കുശേഷമാണ് മലയാളത്തിൽ കൂടുതൽ ഫ്ളുവൻസി വന്നത്.
നായികയ്ക്കു കൂടി പ്രാധാന്യമുള്ള സിനിമയാണോ തീരം…?
തീരത്തിൽ ഹീറോയിനു നല്ല പ്രാധാന്യമുണ്ട്. പ്രണവിന്റെ കഥാപാത്രം അലിയുടെയും അസ്കറിന്റെ കഥാപാത്രം ഉമ്മറിന്റെയും ജീവിതം നായികയെ ചുറ്റിപ്പറ്റിയാണ്. അതുകൊണ്ടുതന്നെ ഹീറോയിനു കഥയിൽ നല്ല പ്രാധാന്യമുണ്ട്. ഹീറോയിനെ എടുത്തു മാറ്റിയാൽ സിനിമയിൽ ഒരു ശൂന്യത അനുഭവപ്പെടും. റെഡ് വൈൻ മോഹൻലാൽ സാറിന്റെ അല്ലെങ്കിൽ ഫഹദിന്റെ മൂവിയാണ്. ഹീറോയിന് ഒരു പ്രാധാന്യവുമില്ല. എന്നാൽ തീരത്തിനകത്ത് അതുണ്ട്. എനിക്കത് ഇഷ്ടമായി. എനിക്ക് ഇത്തരം സിനിമകൾ ചെയ്യാനാണ് കൂടുതൽ ഇഷ്ടം. ഹീറോയിനും തുല്യപ്രാധാന്യമുള്ള ഒരു സിനിമ. നമ്മുടെ കഥാപാത്രം കാഴ്ചക്കാരുടെ മനസിൽ പതിയണം.
തീരത്തിലെ മറ്റ് അഭിനേതാക്കൾ…
കൃഷ്ണപ്രഭ, അസ്കർ, ടിനി ടോം എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. അസ്കർ സെക്കൻഡ് ഹീറോ എന്നുതന്നെ പറയാം. ഏറെ വ്യത്യസ്തയുള്ള റോളാണ് ടിനി ടോം സാർ ചെയ്തിരിക്കുന്നത്.
തീരം – അഭിനയത്തിലെ വെല്ലുവിളികൾ…
എന്നെപ്പോലെയല്ല സുഹറ. നോർമൽ ഒരു ആലപ്പുഴക്കാരി. മുസ്ലീം കാരക്ടർ കൂടിയാണ്. ആ ഒരു ഒതുക്കം എല്ലാ കാര്യങ്ങളിലും വരണം. ഞാൻ എങ്ങനെയാണോ അതുപോലെ സുഹറ എന്ന കഥാപാത്രത്തെ ചെയ്യാവില്ല. സുഹറ പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. ശരീരഭാഷയും നടത്തവും സംസാരവുമൊക്കെ ആ രീതിയിൽ ആവണം. അത് ഒരു മോഡേണ് കുട്ടി ചെയ്തതാണെന്നു തോന്നരുത്. എന്റെ ബോഡി ലാംഗ്വേജിലൊക്കെ അത്തരത്തിൽ ഒത്തിരി നിയന്ത്രണങ്ങൾ വരുത്തേണ്ടിവന്നു. ലുക്ക് ആണെങ്കിൽ പോലും ഗ്ലാമർ കുറച്ചാണ് സുഹറ എന്ന കഥാപാത്രം ചെയ്തിരിക്കുന്നത്. കാമറ ഓണ് ആകുന്പോൾ ഇനി ഞാൻ വേറൊരാളാണ് എന്നു മനസിൽ വയ്ക്കണമായിരുന്നു. എല്ലായ്പ്പോഴും സുഹറ തന്നെയായിരിക്കണം. അക്കാര്യത്തിൽ എപ്പോഴും ശ്രദ്ധകൊടുക്കണമായിരുന്നു. അല്ലെങ്കിൽ റീടേക്കിലേക്കു പോകും. ഭാഷ ഒരിക്കലും എനിക്കു വെല്ലുവിളിയായി തോന്നിയില്ല. കാരണം, ഞാൻ മലയാളം പറയുമല്ലോ.
സംവിധായകൻ സഹീദ് അറാഫത്തിനൊപ്പം…
ഒരു പുതുമുഖ സംവിധായകനൊപ്പമാണു വർക്ക് ചെയ്യുന്നതെന്ന് ഒരിക്കലും എനിക്കു തോന്നിയില്ല. നല്ല സാങ്കേതിക അറിവുള്ളയാൾ. പാട്ടുകൾ പുറത്തുവന്നതോടെ ഫ്രെയിംസിക്കുറിച്ചും മറ്റും ഒത്തിരി പോസിറ്റീവ് കമന്റുകൾ വന്നിരുന്നു. സെക്കൻഡ് മൂവിയാണെങ്കിലും ഞാൻ പുതുമുഖം പോലെതന്നെയാണല്ലോ. അദ്ദേഹം എന്നോടു ദേഷ്യപ്പെട്ടിരുന്നില്ല. ചിലപ്പോൾ റീടേക്കിലേക്കു പോയാലും ശാന്തമായി കാര്യങ്ങൾ വിശദമാക്കിത്തരാനുള്ള മനസും ക്ഷമയും അദ്ദേഹത്തിനുണ്ട്.
പാട്ടുകളാണല്ലോ തീരത്തിന്റെ ആകർഷണങ്ങളിൽ പ്രധാനം…
പാട്ടുകൾക്ക് ഒരുപാടു പോസിറ്റീവ് റിവ്യൂസ് വന്നുകഴിഞ്ഞു. അഫ്സൽ യൂസഫ് സാറാണു പ്രധാനമായും പാട്ടുകൾ ചെയ്തിരിക്കുന്നത്. ആലപ്പുഴയുടെ ഭംഗി, പ്രകൃതി, അവിടത്തെ ചുറ്റുപാടുകൾ, അവരുടെ ജീവിതം..എന്നിവയൊക്കെയാണ് ശ്രേയാഘോഷാൽ പാടിയിരിക്കുന്ന ഞാനും നീയും.. എന്ന പാട്ട്. അതിൽ നിന്നു പൂർണമായും വ്യത്യസ്തമായാണ് രാമേശ്വരത്തു ഷൂട്ട് ചെയ്ത പാട്ട് രണ്ടാമത്തെ പാട്ടു വന്നിരിക്കുന്നത്. അർമാൻ മല്ലിക്കാണ് ആ പാട്ടു പാടിയത്. സുഹറയുടെ ലുക്കു പോലും വ്യത്യസ്തം. മൂവിയിലുള്ള സുഹറയല്ല ആ പാട്ടിലുള്ള സുഹറ. രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന പാട്ടുകളാണവ.
ശ്രേയാഘോഷാലിനെ നേരിൽ പരിചയപ്പെട്ടിരുന്നോ..?
ഇല്ല. എന്റെ ഇഷ്ട ഗായകരിൽ ഒരാളാണു ശ്രേയാഘോഷാൽ. ഹിന്ദിയിൽ എന്റെ എത്രയോ ഇഷ്ട ഗാനങ്ങൾ പാടിയിരിക്കുന്നതു ശ്രേയ ഘോഷാലാണ്. അവരെ കാണാൻ അവസരം കിട്ടിയാൽ എനിക്ക് ഏറെ സന്തോഷമാവും.
പൂനെ മലയാളികൾക്കിടയിലും താരമാണോ…?
പൂനെയിൽ മലയാളികൾ ധാരാളം. മലയാളിസമാജമുണ്ട്. നാലു ലക്ഷത്തോളം മലയാളികളുണ്ട് പൂനെയിൽ. മലയാളം സിനിമയിൽ അഭിനയിക്കുന്ന കാര്യമൊന്നും കോളജിൽ അറിയില്ലായിരുന്നു. അവിടെ ഏറെയും നോർത്ത് ഇന്ത്യൻ കുട്ടികളാണല്ലോ. അല്ലെങ്കിൽ അഭിനയിക്കുന്നതു ബാഹുബലി പോലത്തെ സൗത്ത് ഇന്ത്യൻ സിനിമകളായിരിക്കണം. റെഡ് വൈൻ കണ്ടിട്ടുള്ള അവിടെത്ത മലയാളികൾക്ക് എന്നെ അറിയാം. അങ്ങനെയുള്ളവർ സംസാരിക്കാറുണ്ട്. ഞാനുമായി അടുത്ത് ഇടപഴകുന്നവർക്കെല്ലാം തീരത്തിൽ അഭിനയിച്ച കാര്യമൊക്കെ അറിയാം. അവിടെയുള്ളവർക്കു മലയാളം വശമല്ലാത്തതിനാൽ പാട്ടുകൾ കാണുന്പോൾ ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കുക മാത്രമേ പറ്റുകയുള്ളൂ.
ഹിന്ദി സിനിമകളിൽ ട്രൈ ചെയ്തിട്ടുണ്ടോ…?
ഹിന്ദിയിൽ ഇതുവരെ ട്രൈ ചെയ്തിട്ടില്ല. മലയാളം സിനിമയിൽ ക്ലിക്ക് ആയിട്ടുവേണം മറ്റു ഭാഷകളിൽ ട്രൈ ചെയ്യാൻ. എനിക്ക് അറിയാവുന്ന ഭാഷകളിൽ അഭിനയിക്കാനാണ് ഏറെയിഷ്ടം. മലയാളവും ഹിന്ദിയുമൊക്കെ എനിക്ക് അറിയാവുന്ന ഭാഷകളാണല്ലോ. എനിക്കു പറയാൻ അറിയാവുന്ന ഒരു ഭാഷയിൽ അഭിനയിക്കാനാണ് എനിക്കു താത്പര്യം. എനിക്കു പരിചയമുള്ള ചില സംവിധായകർ അവരുടെ പ്രോജക്ടുകളെക്കുറിച്ചു സംസാരിക്കുന്നുണ്ട്. ഒൗദ്യോഗികമായി ആരും സമീപിച്ചിട്ടില്ല. തീരത്തിന്റെ റിലീസിംഗിനായി കാത്തിരിക്കുകയാണ്.
ഹീറോയിൻ റോൾ തന്നെ ചെയ്യണമെന്നു നിർബന്ധമുണ്ടോ..?
അങ്ങനെ നിർബന്ധമൊന്നുമില്ല. നെഗറ്റീവ് റോളുകൾ ചെയ്യാനും എനിക്കു താത്പര്യമുണ്ട്. എന്തു റോൾ ആണെങ്കിലും നമുക്ക് എന്തെങ്കിലും ചെയ്യാൻ സാധ്യതകൾ ഉള്ള റോൾ ആയിരിക്കണം. ഒരു പ്രാധാന്യവുമില്ലാത്ത ഒരു കാരക്ടർ ചെയ്യാൻ എനിക്കു താത്പര്യമില്ല. അതു ഹീറോയിൻ ആയാലും വില്ലൻ ആയാലും.
സിനിമയ്ക്കപ്പുറം മറ്റ് ഇഷ്ടങ്ങൾ…
ആദ്യം സിനിമ തന്നെ. പിന്നെ എഴുത്ത്. ആക്ട്രസ് അല്ലെങ്കിൽ സ്ക്രിപ്റ്റ് റൈറ്ററായി സിനിമയിൽ നിൽക്കാനാണു താത്പര്യം. ഞാൻ സ്ക്രിപ്റ്റുമെഴുതും. ഞാൻ എഴുതിയ ഒരു സ്ക്രിപ്റ്റ് അറാഫത്ത് ഇക്കയ്ക്കു കൊടുത്തിട്ടുമുണ്ട്. തീരത്തിന്റെ റിലീസിനുശേഷം ഞങ്ങൾ ആ പ്രോജക്ടിലേക്കു പോകും. അതൊരു റൊമാന്റിക് സിനിമയാണ്. സസ്പെൻസുമുണ്ട്. റിയലിസ്റ്റാക്കായി ചെയ്യാനാകുന്ന പ്രമേയമാണ്. പൂനെയിലുള്ള മലയാളികളുടെ ലൈഫാണു പശ്ചാത്തലം. സ്കൂൾ ടൈമിൽത്തന്നെ എഴുത്തിനോടു താത്പര്യമുണ്ടായിരുന്നു. സ്കൂൾ മാഗസിനുകളിലൊക്കെ ചെറുകഥകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കുറേ കഥകളുണ്ട് മനസിൽ. അതിനെയൊക്കെ സ്ക്രിപ്റ്റാക്കിയെടുക്കണമെന്നാണ് ആഗ്രഹം. വായനയുമുണ്ട്. നല്ല സബ്ജക്ട് ആണെങ്കിൽ ഒരു ലോക്കൽ പബ്ളിഷറുടെ ബുക്ക് ആണെങ്കിൽപോലും ഞാൻ വായിക്കും.ത്രില്ലർ, റൊമാന്റിക്, സസ്പെൻസ്…എല്ലാം പരീക്ഷിക്കാറുണ്ട്.
അഭിനയവും പ്രാക്ടീസും ഒന്നിച്ചുകൊണ്ടുപോകുമോ…?
ട്വൽത് കഴിഞ്ഞ് എന്തു പഠിക്കണമെന്നു ചിന്തിച്ചപ്പോൾ ലോ ചെയ്യാമെന്നു തോന്നി. അങ്ങനെയാണ് പഞ്ചവത്സര എൽഎൽബിക്കു ചേർന്നത്. ഏപ്രിലിലാണ് എൽഎൽബി പൂർത്തിയാക്കിയത്. പൂനെയിൽ സീനിയർ വക്കിലിന്റെ മേൽനോട്ടത്തിൽ ഇന്േറണ്ഷിപ്പ് ചെയ്യുന്നു. അഭിനയത്തിനൊപ്പം പ്രാക്ടീസ് തുടരുക ബുദ്ധിമുട്ടാകുമെന്നാണു തോന്നുന്നത്. സ്വതന്ത്ര അഭിഭാഷക ആയിക്കഴിഞ്ഞാൽ ഉത്തരവാദിത്വങ്ങൾ കൂടും. കോടതി ഡേറ്റും സിനിമാ ഡേറ്റും ക്ലാഷാകാൻ സാധ്യതയേറും. സിനിമയിലേക്കു മാത്രമിറങ്ങുകയാണെങ്കിൽ വക്കീലായിരിക്കാൻ പറ്റില്ല.
വീട്ടുവിശേഷങ്ങൾ…
പപ്പ കേണൽ യോഹന്നാൻ. മമ്മി ചിന്നു. ചേച്ചി മേരി ജോണ് വില്യംസ്. വിവാഹിതയാണ്. പൂനെയിൽ സ്ഥിരതാമസം. ചേച്ചിയും റൈറ്ററാണ്. കവിതകളെഴുതും. മലയാളം സിനിമയ്ക്കു തിരക്കഥയൊരുക്കുന്നതിന്റെ ചർച്ചകൾക്കായി ഇപ്പോൾ നാട്ടിലുണ്ട്. അച്ഛനും അമ്മയും പൂനെയിൽ തന്നെയാണ്. ഞാൻ സ്ഥിരതാമസം പൂനെയിൽ. സിനിമ കിട്ടുന്പോൾ മാത്രം നാട്ടിൽ വന്ന് ചെയ്യുന്നു. അച്ഛനും അമ്മയുമാണ് ഏറ്റവും വലിയ സപ്പോർട്ട്. മിസ് കേരള, മോഡലിംഗ്, ഫിലിംസ്.. എല്ലാറ്റിലും അവർ തന്നെയായിരുന്നു സപ്പോർട്ട്. തീരത്തിൽ ഞാൻ നായികയായതിന്റെ ആവേശത്തിലാണ് അവരും.
പ്രേക്ഷകരോട്…
ഒരു റിയലിസ്റ്റിക് സിനിമ പ്രതീക്ഷിക്കുന്നുവെന്നാണ് ആളുകളുടെ കമന്റ്സിൽ നിന്ന് അറിഞ്ഞത്. പാട്ടുകളും ഇതിന്റെ ട്രെയിലറുമൊക്കെ ഇതൊരു റിയലിസ്റ്റിക് ചിത്രമാണെന്ന തോന്നൽ ആളുകളിൽ ഉണ്ടാക്കിയിട്ടുണ്ട്. ജനങ്ങളുടെ അത്തരം പ്രതീക്ഷകൾ സാക്ഷാത്കരിക്കപ്പെടുമെന്നാണ് എനിക്കു തോന്നുന്നത്.
ടി.ജി.ബൈജുനാഥ്