പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ അത്യന്തം നാടകീയമായാണ് നിതീഷ് ഗവർണർക്കു രാജി സമർപ്പിച്ചത്. ബുധനാഴ്ച വൈകുന്നേരം ബിഹാർ ഗവർണർ കേശരി നാഥ് ത്രിപതിയെ സന്ദർശിച്ച് അദ്ദേഹം രാജിക്കത്ത് കൈമാറി. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് രൂപീകരിച്ച മഹാസഖ്യത്തിന്റെ തകർച്ച ഏറെക്കുറെ പൂർത്തിയായി.
വൈകിട്ട് ഡൽഹിയിൽ ബിജെപി പാർലമെന്ററി പാർട്ടി യോഗം നടക്കുന്നുണ്ട്. ഈ യോഗത്തിൽ നിതീഷിനെ പിന്തുണയ്ക്കാൻ ബിജെപി തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ഇത്തരത്തിൽ സംഭവിച്ചാൽ നിതീഷ് വീണ്ടും ബിഹാർ മുഖ്യമന്ത്രിയാകും. ജെഡിയു അധ്യക്ഷനായിരുന്ന നിതീഷ് കുമാർ ആർജെഡിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് മന്ത്രിസഭ രൂപീകരിച്ചത്. ആർജെഡിക്ക് എണ്‍പതും ജെഡിയുവിന് എഴുപത്തൊന്നും അംഗങ്ങളാണ് നിയമസഭയിലുള്ളത്.
ലാലുപ്രസാദ് യാദവ്, മകൻ തേജസ്വി, മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതി എന്നിവരുടെ വസതികളിൽ സിബിഐ റെയ്ഡു നടത്തിയതിനെത്തുടർന്നാണ് ബിഹാറിലെ മഹാസഖ്യം ഉലയാൻ തുടങ്ങിയത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയെ ജെഡിയു സഹായിച്ചത് പ്രശ്നം വഷളാക്കി. മഹാസഖ്യം പൊളിയാതിരിക്കാൻ ജെഡിയു ആർജെഡി പാർട്ടികൾക്കിടയിൽ കോണ്‍ഗ്രസ് മധ്യസ്ഥശ്രമം നടത്തിയെങ്കിലും ഇത് അസ്ഥാനത്താക്കിയാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്.
അഴിമതി ആരോപണത്തിൽ കുടുങ്ങിയ ബിഹാർ ഉപമുഖ്യമന്ത്രിയും ലാലു പ്രസാദിന്റെ മകനുമായ തേജസ്വി യാദവിനോട് നിതീഷ് രാജി ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. തേജസ്വിയെ ഉൾപ്പെടുത്തി മന്ത്രിസഭ മുന്നോട്ടുപോകില്ലെന്ന് നിതീഷ് നിലപാടെടുത്തു. എന്നാൽ ഈ ആവശ്യങ്ങൾ ആർജെഡിയും ലാലു പ്രസാദ് യാദവും തള്ളി. ഇതേതുടർന്നാണ് നിതീഷ് രാജിസമർപ്പിച്ചത്.