രാജ്യത്തെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും നൽകുന്നത് വൃത്തിയില്ലാത്ത ഭക്ഷണമാണെന്ന റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ചതിനു പിന്നാലെ, ട്രെയിനിൽ യാത്രക്കാർക്കു നൽകിയ ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തി. യാത്രക്കാർ ചിത്രം സഹിതം കേന്ദ്ര റയിൽവേ മന്ത്രി സുരേഷ് പ്രഭുവിന് ട്വീറ്റ് ചെയ്യുകയും ചെയ്തു. പാറ്റ്നക്കു സമീപത്ത് പൂർവ എക്സ്പ്രസിലാണ് സംഭവം നടന്നത്.
ജാർഖണ്ഡിൽ നിന്നും ഉത്തർപ്രദേശിൽ പോയ തീർഥാടക സംഘം വാങ്ങിയ വെജിറ്റബിൾ ബിരിയാണിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. തുടർന്ന് ഇവർ ടിക്കറ്റ് എക്സാമിനറെയും പാൻട്രി കാർ ജീവനക്കാരെയും സംഭവമറിയിച്ചെങ്കിലും നടപടി സ്വീകരിക്കാൻ തയാറായില്ല. മാത്രമല്ല, ജീവനക്കാർ ഭക്ഷണം പുറത്തേക്കെറിയുകയും ചെയ്തു.
ഭക്ഷണം കഴിച്ച ഒരു യാത്രക്കാരന് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് യാത്രക്കാർ പല്ലി ചത്തുകിടക്കുന്ന ബിരിയാണിയുടെ ചിത്രം സഹിതം റയിൽവേ മന്ത്രി സുരേഷ് പ്രഭുവിന് ട്വീറ്റ് ചെയ്തത്.
തുടർന്ന് ട്രെയിൻ യുപിയിലെ മുഗൾസാരൈ സ്റ്റേഷനിൽ എത്തിയപ്പോൾ മുതിർന്ന റയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരന് മരുന്ന് നൽകുകയുമായിരുന്നു. സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.
കഴിഞ്ഞയാഴ്ച കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സിഎജി) രാജ്യത്തെ 74 റയിൽവേ സ്റ്റേഷനുകളിലും 80 ട്രെയിനുകളിലും വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം നൽകുന്നതെന്ന് പാർലമെന്റിൽ റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗുരുതരമായ വീഴച റയിൽവേ കേറ്ററിംഗ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.