സണ്ണി ലിയോണ്‍ അമ്മയായി എന്ന വാര്‍ത്ത ഏറെ ആകാംക്ഷയോടെയാണ് ആളുകള്‍ സ്വീകരിച്ചത്. മാധ്യമങ്ങളിലൂടെ പുറത്തെത്തിയ വാര്‍ത്ത കൂടുതലറിഞ്ഞപ്പോഴാണ് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തുകൊണ്ടാണ് സണ്ണിയും ഭര്‍ത്താവും മാതാപിതാക്കളായാതെന്ന വാര്‍ത്ത ലോകമറിഞ്ഞത്. ഭര്‍ത്താവ് ഡാനിയേല്‍ വെബറിനും മകള്‍ നിഷയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ അവര്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുകയും ചെയ്തു. എന്നാല്‍ ചില വര്ണ്ണവെറിയന്മാര് അവിടെയും ചെളിവാരിയെറിയലുമായി എത്തി. ഇത്രയും സൗന്ദര്യമുള്ള സണ്ണി എന്തിനാണ് കറുത്ത നിറമുള്ള കുഞ്ഞിനെ ദത്തെടുത്തത്, കുഞ്ഞിനെ പ്രസവിക്കുകയായിരുന്നെങ്കില്‍ സണ്ണിയെപ്പോലെതന്നെ സൗന്ദര്യമുള്ള കുഞ്ഞിനെ കിട്ടുകയില്ലായിരുന്നോ എന്നിങ്ങനെ നീളുന്നു ഇത്തരക്കാരുടെ സംശയങ്ങള്‍.
ദത്തെടുക്കണമെന്ന് അത്ര നിര്‍ബന്ധമാണെങ്കില്‍ കനേഡിയന്‍ കുട്ടിയെ ദത്തെടുക്കാമായിരുന്നില്ലേയെന്നും എന്തിനാണ് കറുത്ത നിറമുള്ള ഇന്ത്യന്‍ പെണ്‍കുട്ടിയെ ദത്തെടുത്തതെന്നുമായിരുന്നു ഒരാളുടെ ചോദ്യം. സ്വന്തമായി ഒരു കുഞ്ഞുണ്ടായാല്‍ സൗന്ദര്യം നഷ്ടപ്പെടും എന്നു കരുതിയല്ലേ അതിനു തയാറാകാത്തത് എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. ചിലര്‍ ഫേസ്ബുക്ക് കമന്റിലൂടെ ഇത്തിരിപ്പോന്ന ആ കുഞ്ഞിനെയാണ് ഉപദേശിക്കുന്നത്. അനാഥാലയത്തിലേക്കു തിരിച്ചു പോകൂ നിനക്കു യോജിച്ച അച്ഛനും അമ്മയും എത്തുന്നതുവരെ അവിടെ കാത്തിരിക്കൂ എന്ന തരത്തിലുള്ള ഉപദേശങ്ങളാണ് അവര്‍ കുഞ്ഞിന് നല്‍കുന്നത്. അല്‍പ്പമെങ്കിലും മനസാക്ഷിയുള്ളവര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല ചിലയാളുകളുടെ കമന്റുകള്‍. ചില ദുഷ്ടലാക്കുകളുടെ പെരുമാറ്റം കാണുക എന്നുപറഞ്ഞുകൊണ്ടാണ് സണ്ണിയുടെ ആരാധകര്‍ ഇത്തരം പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ തുറന്നുകാട്ടുന്നത്. അതേസമയം ഇങ്ങനെയൊരു തീരുമാനമെടുത്ത സണ്ണിയെ അഭിനന്ദിച്ചുകൊണ്ടും ധാരാളം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.