തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസു നേർക്ക് ആക്രമണം. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേതടക്കം ആറു വാഹനങ്ങൾ അക്രമികൾ അടിച്ചു തകർത്തു. പോലീസ് നോക്കിനിൽക്കെയായിരുന്നു ആക്രമണം. അക്രമികളെ തടയാൻ ശ്രമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന് ആക്രമണത്തിൽ പരിക്കേറ്റു. മറ്റു പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ അക്രമികൾ പോലീസുകാരനെ മർദിക്കുകയായിരുന്നു. മണക്കാട് സിപിഎം കൗണ്‍സിലർ ഐ.പി.ബിനുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നു ബിജെപി ആരോപിച്ചു.
നേരത്തെ, തിരുവനന്തപുരത്ത് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ആറ്റുകാൽ, മണക്കാട് പ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലിലും ആക്രമണങ്ങളിലും നിരവധി വീടുകൾ തകർന്നു. ഇരുപതിൽ അധികം പേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. വീടുകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ഇരുചക്ര വാഹനങ്ങളും അക്രമികൾ തല്ലിത്തകർത്തു.
വ്യാഴാഴ്ച വൈകിട്ടോടെയാണ് ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടത്. ആറ്റുകാലിലെ സ്വകാര്യ കോളജിൽ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.