ചിറ്റാർ: മണക്കയം – പൊട്ടൻമൂഴി റൂട്ടിൽ കക്കാട്ടാറ്റിലെ മാമൂട് കടവിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം മല്ലപ്പള്ളി സ്വദേശിയുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു. മല്ലപ്പള്ളി ആനിക്കോട് തടത്തിൽ പുരയിടത്തിൽ രാജേഷിന്റെ (23) മൃതദേഹമാണ് കക്കാട്ടാറ്റിൽനിന്നു കിട്ടിയത്.
സംഭവവുമായി ബന്ധപ്പെട്ട് രാജേഷിന്റെ ഭാര്യ സുനിജയുടെ ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര വർഷമായി തണ്ണിത്തോട്ടിലെ വർക്ക്ഷോപ്പിൽ ജോലിചെയ്തുവരികയായിരുന്നു രാജേഷ്. എസ്ഐ ജിജു ജോണിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സൂരജ് (ഒന്നര വയസ്) മകനാണ്.