ശ്രീകൃഷ്ണപുരം: കരിന്പുഴ പഞ്ചായത്തിലെ പതിനേഴാം വാർഡ് ആറ്റാശ്ശേരി പനാംകുന്നിൽ താമസിക്കുന്ന നാരായക്കട അയമുവിന്റെ മകൾ ആയിഷക്ക് വീടെന്ന സ്വപ്നത്തിലേക്കുള്ള ദൂരം അകലുന്നു.ആശണർക്കും,വിധവകൾക്കും,പരസഹായമില്ലാത്തവർക്കും മുൻഗണന നൽകുമെന്നറിയിച്ച് നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയിലും ആയിഷക്ക് സ്ഥാനമില്ല.ഗ്രാമ സഭ ബുക്കിൽ ഒന്നാമതുള്ള ആയിഷയുടെ സ്ഥാനം ലൈഫ് ലിസ്റ്റിൽ നിന്നും പറിച്ചെറിഞ്ഞപ്പോൾ ചോരാത്ത കൂരയെന്ന ആയിഷയുടെ സ്വപ്നവും പിഴുതെറിയപ്പെട്ടു.
അഞ്ചു വർഷത്തിലധികമായി ടാർപോളിൻ മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ആയിഷയുടെ താമസം. പരസഹായത്തിനു ആരുമില്ല.വർഷങ്ങൾക്ക് മുന്പ് ഭർത്താവും,പിതാവും മരണപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്ത് കിട്ടുന്ന വരുമാനമാണ് ഏക ആശ്രയം.
പഞ്ചായത്തിൽ നടപ്പിലാക്കുന്ന ആദ്യ ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി ആയിഷക്ക് വീട് നാൽകാൻ ഉദ്ദേശിച്ചിരുന്നതായി പഞ്ചായത്ത് അംഗം പി.എ.തങ്ങൾ പറഞ്ഞു.എന്നാൽ ലൈഫ് പദ്ധതി പ്രഖ്യാപിച്ചതോടെ മറ്റു പദ്ധതികളൊന്നും നടപ്പിലായില്ല.ലൈഫ് പദ്ധതിയുടെ എ ഫോറത്തിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു.ലിസ്റ്റ് പ്രസിദ്ധീകരിച്ചു വന്നപ്പോൾ ആയിഷ ലിസ്റ്റിൽ നിന്നും പുറത്തായി.
ഇതിനെതിരെഅപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.കരിന്പുഴ ഗ്രാമ പഞ്ചായത്തിൽ അർഹരായ നിരവധി ആളുകൾ ലിസ്റ്റിൽ നിന്നും പുറത്തായിട്ടുണ്ട്.ലൈഫ് ലിസ്റ്റ് അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുന്നതായി നേരത്തെ യു.ഡി.എഫ് നേതാക്കൾ ആരോപിച്ചിരുന്നു.