ലൊസാഞ്ചൽസ്: രണ്ടടി നീളമുള്ള മൂന്നു രാജവെന്പാലകളെ പൊട്ടെറ്റോ ചിപ്പിസിന്റെ ടിന്നിലടച്ചു ഹോങ്കോംഗിൽ നിന്നും കലിഫോർണിയായിലുള്ള വീട്ടിലേക്ക് കൊറിയർ ചെയ്ത റോഡ്രിഗോ ഫ്രാങ്കോയെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു. ഹോങ്കോംഗിൽ നിന്നും മെയിൽ ചെയ്ത ടിന്നുകൾ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ ഏജന്റുമാരാണ് പരിശോധിച്ചത്.
ജീവനുള്ള മൂന്നു രാജവെന്പാലകൾക്കുപുറമേ ചെറിയ മൂന്നു ആമകളേയും മറ്റൊരു പാക്കേജിൽ നിന്നും പിടിച്ചെടുത്തു. ആമകളെ കലിഫോർണിയയിലുള്ള ഫ്രാങ്കോയുടെ വീട്ടിൽ ഡെലിവറി ചെയ്തു. ഫ്രാങ്കോയുടെ കലിഫോർണിയിലെ വീട്ടിൽ ഫെഡറൽ ഏജന്റ്സ് നടത്തിയ പരിശോധനയിൽ ചെറിയ ചീങ്കണി, ആമ തുടങ്ങിയ നിരവധി ഇഴജന്തുക്കളെ കണ്ടെടുത്തു. അമേരിക്കൻ നിയമമനുസരിച്ചു ഇവയെല്ലാം സുരക്ഷിതമായിരിക്കേണ്ടതാണ്.
ഈ സംഭവത്തിനു മുന്പ് 21 രാജവെന്പാലകളെ ഇതുപോലെ അയച്ചിരുന്നുവെന്നും എന്നാൽ ഒന്നും പോലും ജീവനോടെ ലഭിച്ചില്ലെന്നും പോലീസിന്റെ ചോദ്യം ചെയ്യലിൽ ഫ്രാങ്കോ വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത ഫ്രാങ്കോയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 20 വർഷം വരെ ശിക്ഷ ലഭിക്കും.
റിപ്പോർട്ട്: പി.പി. ചെറിയാൻ